പയ്യോളി: അങ്കണവാടി ജീവനക്കാരുടെ മുടങ്ങിപ്പോയ ഹോണറേറിയം ഉടൻ നൽകുക, മാസത്തിലെ ആറാമത്തെ പ്രവൃത്തിദിനത്തിൽ തന്നെ ഹോണറേറിയം ലഭ്യമാക്കുക, പോഷൺ ട്രാക്കർ ഉൾപ്പെടെയുള്ള അധിക ജോലികൾ ചെയ്തിട്ടും അർഹമായ വേതനം നൽകുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തി അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനവും പ്രതിഷേധ പൊതുയോഗവും സംഘടിപ്പിച്ചു.
പ്രതിഷേധ ധർണ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.കെ. പ്രേമൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ സെക്രട്ടറി ഇ.എം. രജനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിപിന സ്വാഗതവും കെ. നിഷ നന്ദിയും പറഞ്ഞു.
