തിരുവനന്തപുരം: സാങ്കേതിക നൂലാമാലകളിലും ഭൂമിയേറ്റെടുക്കൽ തർക്കങ്ങളിലും പരിസ്ഥിതി പ്രശ്നങ്ങളും കുഴഞ്ഞുമറിഞ്ഞ കേരളത്തിന്റെ സ്വപ്ന പാതയാണ് ഒടുവിൽ ഭൂമിയേറ്റെടുത്ത് കെട്ടി ഉയർത്തി ടാറ് വിരിച്ച് സജ്ജമാകുന്നത്. പോസിറ്റീവായ എല്ലാ പ്രവർത്തനങ്ങളെയും സർക്കാരിന്‍റെ ഇച്ഛാ ശക്തിയെയും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്‍റെ ഇടപെടലിനെയെല്ലാം പ്രശംസിക്കുമ്പോഴും നിർമ്മാണ അപാകതകൾ കരടാകുകയാണ്.
മഹാരാഷ്ട്രയിലെ പൻവേലിൽ ആരംഭിച്ച് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്നതാണ് എൻ എച്ച് 66. 1640 കിലോ മീറ്ററാണ് ആകെ നീളം. ഈ ബൃഹത് പാതയിൽ മൂന്നിലൊന്ന് കേരളത്തിലൂടെയാണ് കടന്ന് പോകുന്നത്. 23 റീച്ചുകളിലായാണ് കേരളത്തിലെ പാത നീളുന്നത്. കേരളത്തിലെ 9 ജില്ലകളിലൂടെ നീളുന്ന പുതുപാത 643 കിലോമീറ്റർ ദൂരം വരും. 56,910 കോടിയായിരുന്നു ആദ്യം കണക്കാക്കിയ ചെലവ്. ഭൂമിക്കായി കേരളം നൽകിയത് 5600 കോടി രൂപയാണ്. പുതിയ കണക്കുകൾ പ്രകാരം 65000കോടിയാണ് ചിലവ്. 2022 ൽ നിർമ്മാണം തുടങ്ങി പാത 2025 ഡിസംബറിൽ പൂർത്തീകരിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ.
നിലവിലെ സ്ഥിതിയിൽ 2026 മാർച്ച് 31 നാകും അവസാനിക്കുക. രണ്ടാം പിണറായി സർക്കാരിന്‍റെ കാലാവധി തീരുന്ന ഘട്ടത്തിലെ ഫിനിഷിംഗ് പ്രോജക്ടാകും ഇതെന്ന പ്രത്യേകതയുമുണ്ട്. ആ സമയത്തിലും അതിലെ ക്രെഡിറ്റ് അവകാശങ്ങളുമാണ് രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിത്തീർന്നത്.

നിർമ്മാണത്തിനിടെ തകർച്ചയുണ്ടായ റീച്ചുകൾ
ചെർക്കള- നീലേശ്വരം നിർമ്മാണം- മേഘ എഞ്ചിനീയറിംഗ്
നീലേശ്വരം – തളിപ്പറമ്പ് നിർമ്മാണം -മേഘ എഞ്ചിനീയറിംഗ്
വെങ്ങളം രാമനാട്ടുകര നിർമ്മാണം -കെഎംസി കൺസ്ട്രക്ഷൻസ്
രാമനാട്ടുകര-വളാഞ്ചേരി നിർമ്മാണം- കെഎൻആർ കൺസ്ട്രക്ഷൻസ്
വളാഞ്ചേരി-കാപ്പിരിക്കാട് നിർമ്മാണം കെഎൻആർ കൺസ്ട്രക്ഷൻസ്
ആദ്യം ഉദ്ഘാടനം നിശ്ചയിച്ച 4 റീച്ചുകൾ
1 തലപ്പാടി ചെങ്കള കരാറുകാർ ,ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി.
2 വെങ്ങളം,രാമനാട്ടുകര കെഎംസി കൺസ്ട്രക്ഷൻസ്.
3 രാമനാട്ടുകര-വളാഞ്ചേരി കെഎൻആർ കൺസ്ട്രക്ഷൻ.
4 വളാഞ്ചേരി-കാപ്പിരിക്കാട് കെഎൻആർ കൺസ്ട്രക്ഷൻ

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            