സംസ്ഥാനത്തിന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം ഇന്ന്, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇതിൻറെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും. മലയോര-തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശത്തിനൊപ്പം കള്ളക്കടൽ സാധ്യതയും മുൻനിർത്തി കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് ഇന്നും തുടരും.
അതേസമയം, എറണാകുളം ജില്ലയുടെ തീരമേഖലയിൽ റെഡ് അലർട്ട്. മുനമ്പം മുതൽ മറുവക്കാട് വരെയാണ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സമീപത്തുള്ള ആലപ്പുഴ, തൃശൂർ ജില്ലകളുടെ തീരങ്ങളിലും റെഡ് അലർട്ട് ആണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ ടൂറിസ്റ്റു കേന്ദ്രങ്ങളും അടച്ചു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            