കേരളത്തിൽ പ്രകൃതിദുരന്തം, പകർച്ചവ്യാധി; 1228 കോടി വായ്പ അനുവദിച്ച് ലോകബാങ്ക്‌

news image
Jun 17, 2023, 12:47 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളും പകർച്ചവ്യാധികളും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും നേരിടുന്നതിനുള്ള തയാറെടുപ്പുകൾക്കായി കേരളത്തിന് 1,228 കോടി രൂപ വായ്പ അനുവദിച്ച് ലോകബാങ്ക്. മുൻപ് അനുവദിച്ച 125 ദശലക്ഷം ഡോളറിന്റെ ധനസഹായത്തിനു പുറമെയാണിത്.

തീരദേശ ശോഷണം, ജലവിഭവ പരിപാലനം തുടങ്ങിയ നിർണായക മേഖലകളിലും കേരളത്തിന് വലിയ ആശ്വാസമേകുന്നതാണു നടപടി. ഈ രണ്ടു പദ്ധതികളും വഴി കേരളത്തിലെ 50 ലക്ഷത്തോളം പേർക്ക് വെള്ളപ്പൊക്ക കെടുതികളിൽനിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ദക്ഷിണേന്ത്യൻ തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിൽ പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ലോകബാങ്ക് വിലയിരുത്തി. 2021ലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കേരളത്തിൽ ഒട്ടേറെപ്പേരുടെ മരണത്തിന് ഇടയാക്കി. മാത്രമല്ല, ഇതിലൂടെ 100 ദശലക്ഷം ഡോളറിലധികം നാശനഷ്ടങ്ങളുമുണ്ടായി. ഇത്തരം ദുരന്തങ്ങൾ സ്ത്രീകളും കർഷകരും ഉൾപ്പെടെയുള്ളവരുടെ ജീവിതങ്ങളെ പ്രതികൂലമായി ബാധിച്ചതായും ലോകബാങ്ക് വിലയിരുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe