മത്സ്യങ്ങളുടെ പ്രജനനകാലത്ത് കടലിലെ ജൈവസമ്പത്ത് സംരക്ഷണത്തിനും മത്സ്യസമ്പത്ത് വർധിപ്പിക്കാനുമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 52 ദിവസത്തെ ട്രോളിങ് നിരോധനം വള്ളിക്കുന്നിൽ ചൊവ്വാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ജൂലായ് 31 അർധരാത്രി വരെ നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ കേരള തീരത്ത് ട്രോളിങ് ബോട്ടുകൾക്ക് മത്സ്യബന്ധനത്തിനോ കടലിൽ പോകുന്നതിനോ അനുമതിയുണ്ടായിരിക്കില്ല. നിരോധനം തുടങ്ങുന്നതിനു മുന്നോടിയായി ചൊവ്വാഴ്ച രാത്രി 12-നു മുൻപ് എല്ലാ ട്രോളിങ് ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണമെന്നും അന്യസംസ്ഥാന ബോട്ടുകൾ സംസ്ഥാനതീരം വിട്ടുപോകണമെന്നും ഫിഷറീസ് വകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.
നിയമ ലംഘനം നടത്തുന്ന ബോട്ടുകൾക്കെതിരേ കേരള സമുദ്രമത്സ്യബന്ധന നിയന്ത്രണനിയമം പ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മലപ്പുറം അസിസ്റ്റന്റ്റ് ഡയറക്ടർ ടി.ആർ. രാജേഷ് അറിയിച്ചു. ഈ കാലയളവിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ഇൻബോർഡ് വള്ളങ്ങൾക്ക് (താങ്ങുവള്ളം) ഒരു കേരിയർ വള്ളം മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ. വരും ദിവസങ്ങളിൽ മൺസൂൺ ശക്തിപ്പെടുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും കാലാവസ്ഥാവകുപ്പിന്റെയും മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കാൻ മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം. കടലിൽ അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ പൊന്നാനി ഫിഷറീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കേണ്ടതാണ്.
