കൊച്ചി: വിവാദ ചിത്രം ‘കേരള സ്റ്റോറി 2’ന്റെ അണിയറപ്രവർത്തകർക്കെതിരെ നിയമനടപടിയുമായി യൂത്ത് കോൺഗ്രസ്. ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിംഗ്, നിർമ്മാതാവ് വിപുൽ അമൃത് ലാൽ ഷാ എന്നിവർക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും അഭിഭാഷകനുമായ ആബിദ് അലിയാണ് എറണാകുളം സി.ജെ.എം കോടതിയിൽ സ്വകാര്യ അന്യായം സമർപ്പിച്ചത്.
സിനിമയുടെ ടീസറിലൂടെയും ട്രെയിലറിലൂടെയും മതവിദ്വേഷം പ്രചരിപ്പിക്കാനും വർഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം. രാജ്യത്തെ 85 ദശലക്ഷം അവിവാഹിതരായ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിച്ച് മതം മാറ്റുകയാണ് മുസ്ലിം യുവാക്കളുടെ ലക്ഷ്യമെന്നും, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ ശ്രമിക്കുന്നുവെന്നും ടീസർ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ വലിയ ഭിന്നതയുണ്ടാക്കുമെന്നും ആബിദ് അലി പരാതിയിൽ പറയുന്നു.
ടീസറിനും ട്രെയിലറിനും സെൻസർ ബോർഡ് അനുമതി നൽകിയിട്ടില്ലെന്ന് ബോർഡ് തന്നെ മുൻപ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇവ രണ്ടും ചിത്രത്തിന്റെ ഭാഗമല്ലെന്ന് നിർമ്മാതാക്കളും സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബി.എൻ.എസ് (BNS) 299-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. പരാതിയിൽ എറണാകുളം സി.ജെ.എം കോടതി ആലുവ സൈബർ പൊലീസിനോട് റിപ്പോർട്ട് തേടി. വരുന്ന തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം.
