കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ്; രണ്ട് വിഷയത്തിൽ ഒരേ ചോദ്യങ്ങൾ

news image
Jul 23, 2026, 7:55 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരള സർവകലാശാല ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവെന്ന് ആരോപണം. നാലാം സെമസ്റ്റർ ഹിസ്റ്ററി വിഭാഗത്തിൽ നടത്തിയ പരീക്ഷയിലാണ് പിഴവ് കണ്ടെത്തിയത്. എം എ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ എന്ന വിഷയത്തിലെ രണ്ട് ചോദ്യപേപ്പറിലാണ് പിഴവ് കണ്ടെത്തിയിരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിൽ ഇന്നലെയായിരുന്നു പരീക്ഷ നടന്നത്.

മൂന്ന് ചോദ്യങ്ങൾ മാറ്റമില്ലാതെ രണ്ട് വിഭാഗങ്ങളിലായി വീണ്ടും ചോദിച്ചു എന്നാണ് കണ്ടെത്തൽ. നാല് ചോദ്യങ്ങൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമാണ് ഉള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിശദീകരണം. കേരള സർവകലാശാലയിലെ ചോദ്യപേപ്പറുകളിൽ തുടർച്ചയായി പിഴവുകൾ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടാണ് വിദ്യാർത്ഥികൾക്കുണ്ടാക്കുന്നത്. പരീക്ഷാ ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നതിൽ കൃത്യമായ പരിശോധന നടക്കുന്നില്ലെന്നാണ് ഇവർ ഉയർത്തുന്ന പരാതി.

പരാതികൾ ലഭിച്ചില്ലെങ്കിലും ചോദ്യപ്പേപ്പറുകൾ പരിശോധിച്ച് ബന്ധപ്പെട്ടവർക്കെതിരെ സർവകലാശാല നടപടി സ്വീകരിക്കാനാണ് സാധ്യത. നേരത്തെ സർവകലാശാല നടത്തിയ ബിഎസ്‌സി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പറിലും പിഴവ് കണ്ടെത്തിയിരുന്നു. ചോദ്യപേപ്പറിൽ തന്നെ ഉത്തരവും പ്രിന്റ് ചെയ്ത് വരികയായിരുന്നു അന്നുണ്ടായത്. അഞ്ചാം ചോദ്യത്തിനൊപ്പം ആണ് ഉത്തരവും പ്രിന്റ് ചെയ്തത്. സംഭവം പരിശോധിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു. ബോർഡ് ഓഫ് എക്‌സാമിനേഷനോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe