കൊച്ചി ∙ ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കൊച്ചി അതിജാഗ്രതയിൽ. ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം എന്നതിനാൽ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങൾ ശക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി സൈനിക തലവന്മാരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ തന്നെ പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള തയാറെടുപ്പുകള്‍ ദക്ഷിണ നാവിക കമാന്‍ഡിൽ നടന്നിട്ടുണ്ട്. ഏതു തരത്തിലുള്ള സാഹചര്യവും നേരിടാൻ തയാറാണെന്നാണ് സൈനിക കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ജനങ്ങളെയും തയാറെടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്ന് എറണാകുളം ജില്ലയിലും നടക്കും. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക് ഡ്രിൽ നടക്കുന്നത്.
കാക്കാനാട് സ്ഥിതി ചെയ്യുന്ന കലക്ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്‍യാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകിട്ട് നാലു മണിക്ക് മോക് ഡ്രിൽ നടക്കുക. ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടറുടെ നേതൃത്വത്തിലാണ് മോക് ഡ്രിൽ നടക്കുക. ഇതു നടപ്പാക്കുന്നതിന് ജില്ലാ ഫയർ ഓഫിസർ നേതൃത്വം വഹിക്കും. ജില്ലാ കലക്ടറേറ്റ് ആയിരിക്കും മോക് ഡ്രിൽ നടപ്പാക്കുന്നതിന്റെ ആസ്ഥാനം. വൈകുന്നേരം നാലു മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. 4 മണി മുതൽ 30 സെക്കൻഡ് അലർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങും. ഈ സമയത്തിനിടയിലാണ് മോക് ഡ്രിൽ നടക്കുക.
1971ൽ പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു മുന്നോടിയായാണ് ഇന്ത്യ ഇത്തരത്തിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. തുറമുഖവും വ്യോമ, നാവികസേനാ താവളങ്ങളും ഉള്‍പ്പെടെ തന്ത്രപ്രധാനമായ ഒട്ടേറെ സ്ഥാപനങ്ങളും മറ്റും സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണ് അറബിക്കടലിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന കൊച്ചി. രാജ്യത്തിന്റെ തെക്കേ അറ്റത്തെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യകേന്ദ്രങ്ങളിലൊന്നു കൂടിയാണ് കൊച്ചി എന്നതും പ്രധാനമാണ്. 1971ലാണ് ഇതിനു മുമ്പ് ഇവിടെ എയർ റെയ്ഡ് വാണിങ് സൈറനുകൾ മുഴങ്ങിയത്. വ്യോമാക്രമണം ആരംഭിക്കുന്നു എന്ന് മുന്നറിയിപ്പു നൽകുന്നതിനു വേണ്ടിയാണ് ഇത്. മോക് ഡ്രിൽ നടക്കുന്നതോടെ കൺട്രോൾ റൂമുകളുടെയും ഷാഡോ റൂമുകളുടെയും പ്രവർത്തനക്ഷമത പരിശോധിക്കുകയും പിഴവുകളില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വൈദ്യുത ബന്ധം, ഫോൺ സിഗ്നലുകൾ തകരാറിലായാൽ എന്തൊക്കെ ചെയ്യും തുടങ്ങി ഒട്ടേറെ കാര്യങ്ങളായിരിക്കും മോക് ഡ്രില്ലിലൂടെ പരിശോധിക്കപ്പെടുക.