കൊച്ചി മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയ യുവാവ് മരിച്ചു

news image
Aug 7, 2025, 11:19 am GMT+0000 payyolionline.in

കൊച്ചി: എറണാകുളം കൊച്ചിയിൽ മെട്രോ ട്രാക്കിന് മുകളിൽ നിന്ന് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് മരിച്ചത്. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് യുവാവ് ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്.

 

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസും മെട്രോ ജീവനക്കാരും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും താഴേക്ക് ചാടുകയായിരുന്നു. ഫയർഫോഴ്സ് യുവാവിനെ രക്ഷിക്കുന്നതിനായി വല വിരിച്ചെങ്കിലും വലയിൽ വീഴാതിരിക്കാനുള്ള രീതിയിലാണ് ഇയാള്‍ താഴേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റിരുന്ന നിസാറിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ എത്തിയ നിസാര്‍ ടിക്കറ്റെടുത്ത ശേഷം സ്റ്റേഷനുള്ളിലേക്ക് കയറി. ആലുവ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ നിർത്തുന്ന പ്ലാറ്റ്ഫോമിൽ കുറച്ച് സമയം നിന്ന ശേഷം ട്രാക്കിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഇയാള്‍ വഴങ്ങിയിരുന്നില്ല. ഉടൻ തന്നെ ജീവനക്കാർ വൈദ്യുതി ലൈൻ ഓഫ് ചെയ്തു. നിസാര്‍ ട്രാക്കിലൂടെ ഏറെ ദൂരം മുന്നോട്ട് പോകുകയും പില്ലർ നമ്പർ 1013ന് അടുത്തെത്തി താഴെ റോഡിലേക്ക് ചാടുകയുമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe