കൊച്ചി വിമാനത്താവളത്തോട് ചേർന്ന് റെയിൽവേ സ്റ്റേഷൻ; നിർമാണം ഡിസംബറിൽ, വൈകാതെ മെട്രോയും എത്തും

news image
Jul 31, 2025, 3:00 pm GMT+0000 payyolionline.in

നെടുമ്പാശേരി : കൊച്ചി വിമാനത്താവളത്തോട് ചേർന്നുള്ള നിർദിഷ്ട റെയിൽവേ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്, ബെന്നി ബഹനാൻ എംപിയെ അറിയിച്ചു. സ്റ്റേഷൻ കെട്ടിടം,പ്ലാറ്റ്ഫോം, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള മേൽപാലം, ലിഫ്റ്റുകൾ എന്നിവയാണ് പ്രാഥമിക ഘട്ടത്തിലുണ്ടാവുക. വിശദ പദ്ധതി വിവരങ്ങളും ചെലവും കണക്കാക്കി വരികയാണ്.2010ൽ വിമാനത്താവളത്തോടു ചേർന്നുള്ള റെയിൽവേ സ്റ്റേഷന്റെ പദ്ധതി തയാറാക്കി ശിലാസ്ഥാപനം വരെ നടത്തിയെങ്കിലും പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 

എയർപോർട്ട് അപ്രോച്ച് റോഡിലെ റെയിൽവേ മേൽപ‌ാലത്തിനു സമീപത്തായാണ് സ്റ്റേഷൻ വരുന്നത്. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഇതോടെ ഒരു മതിലിന് ഇപ്പുറവും അപ്പുറവുമാകും. വിമാനത്താവളത്തിനു മുൻപിലെത്തുന്ന റോഡും ഇവിടെ നിലവിലുണ്ട്. ഇരു സ്ഥലത്തും പ്ലാറ്റ്ഫോം നിർമിക്കാൻ ആവശ്യമായ റെയിൽവേ പുറമ്പോക്ക് ഭൂമിയുണ്ട്. കൂടുതൽ ഭൂമി ആവശ്യമെങ്കിൽ സിയാലിന്റെ സ്ഥലവും ഉപയോഗിക്കാം.രാജ്യത്തെ തന്നെ ഏറ്റവും അധികം യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷനും യാഥാർഥ്യമാകുന്നത് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും.

കൊച്ചി മെട്രോയും വൈകാതെ വിമാനത്താവളത്തിലെത്തും. യാത്രക്കാരുടെ സൗകര്യത്തിനു പുറമേ ചരക്കു നീക്കത്തിനും പുതിയ റെയിൽവേ സ്റ്റേഷൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച പുതിയ കാർഗോ വില്ലേജ് നിർദിഷ്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് വിളിപ്പാടകലെയാണ്. ലോജിസ്റ്റിക്സ് പാർക്കും ഇതിനോടു ചേർന്നാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർക്ക് വിമാനത്താവളത്തിലെത്താൻ ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ ബസ് സർവീസുകൾ ഏർപ്പെടുത്തും. ബഗ്ഗി സർവീസും സ്കൈ വോക്കും പരിഗണനയിലുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe