ഫോട്ടോഷൂട്ടുകൾക്കായി കുഞ്ഞുങ്ങളെ മേക്അപ് ഇട്ട് ക്യൂട്ടാക്കുന്നത് സമൂഹ മാധ്യമങ്ങൾ അടക്കിവാഴുന്ന ഇന്നത്തെ കാലത്ത് സാധാരണമായിരിക്കുന്നു. പേക്ഷ, ഇതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ശിശുക്കളുടെ ചർമം മുതിർന്നവരുടെ ചർമത്തിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്.
വളരെ നേർത്തതും വളർച്ചഘട്ടത്തിലുള്ളതുമായ ഇവരുടെ ചർമം സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള രാസവസ്തുക്കൾ ശരീര കോശങ്ങളിലേക്കും രക്തത്തിലേക്കും എളുപ്പത്തിൽ കടന്നു പോകാൻ പാകത്തിലുള്ളതാണ്. അതിനാൽതന്നെ, സൗന്ദര്യ വർധക വസ്തുക്കളുടെ ഉപയോഗം അലർജി, ഹോർമോൺ തകരാറുകൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശിശു ചർമത്തിൽ കുറഞ്ഞ അളവിൽ മാത്രമാണ് പ്രകൃതിദത്ത സുരക്ഷാ കവചമായ സെബം അടങ്ങിയിരിക്കുന്നത്. ഇത് ശിശു ചർമത്തിനായി പ്രത്യേകം രൂപകൽപന ചെയ്തിട്ടില്ലാത്ത ഉൽപന്നങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ ചർമം വരണ്ടുപോകാനും അലർജികൾ വരാനുമുള്ള സാധ്യതയേറുന്നു.
വിപണിയിൽ ഇന്ന് ലഭിക്കുന്ന പല കൺമഷികളിലും കുഞ്ഞിന്റെ അതിലോലമായ കണ്ണുകൾക്കും ചർമത്തിനും അനുയോജ്യമല്ലാത്ത ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നുണ്ടെന്ന് ന്യൂഡൽഹി ആസ്ഥാനമായുള്ള ഡെർമറ്റോളജിസ്റ്റ് ഡോ. ദീപാലി ഭരദ്വാജ് മുന്നറിയിപ്പ് നൽകുന്നു. ആൽക്കൈൽഫിനോൾസ്, ട്രൈക്ലോസാൻ, ബി.പി.എ എന്നീ രാസവസ്തുക്കൾ ഹോർമോൺ പ്രവർത്തനത്തെ ബാധിച്ചേക്കാം.
അതേസമയം, സൈക്ലോസിലോക്സെയ്നുകൾ ശരീരത്തിൽ അടിഞ്ഞുകൂടാം. എത്തനോളമൈനുകൾക്ക് ശരീരത്തിന് ദോഷകരമായ സംയുക്തങ്ങൾ സൃഷ്ടിക്കാൻ കഴിയും. കുട്ടികളുടെ മേക്അപ്, ബോഡി ഉൽപന്നങ്ങൾ വിപണിയിൽ വർധിച്ചുവരുന്ന സാഹചര്യം പ്രശ്നത്തിന് ആക്കം കൂട്ടുന്നു. ബോഡി ഗ്ലിറ്റർ, ഫേസ് പെയിന്റ് മുതൽ ലിപ്സ്റ്റിക്, നെയിൽ പോളിഷ്, ഹെയർ ജെൽ, പെർഫ്യൂം, ബ്ലഷ്, മെഹന്തി എന്നിവ വരെ ഇതിൽ ഉൾപ്പെടുന്നു.
കൊളംബിയ യൂനിവേഴ്സിറ്റിയിലെ ഗവേഷകർ 2023ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വളർന്നു വരുന്ന ഈ പ്രവണതയെയും അതിന്റെ അപകട സാധ്യതകളെയും എടുത്തുകാണിക്കുന്നു.