കോട്ടയം അയർക്കുന്നത്ത് ഭാര്യയെ തലയ്ക്കടിച്ച് കൊന്ന് കുഴിച്ചുമൂടിയ ഇതരസംസ്ഥാന തൊഴിലാളി സോണി റിമാൻഡില്‍. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. കൂടുതൽ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുവാനുള്ള അപേക്ഷ പിന്നീട് സമർപ്പിക്കും. കൊല്ലപ്പെട്ട അല്പാനയുടെ മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യും. ബന്ധുകൾ വന്നശേഷമാവും പോസ്റ്റുമോർട്ടം നടക്കുക.
പ്രാഥമിക പരിശോധനയിൽ തലയിലും മുഖത്തും ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതി സോണി ഒറ്റയ്ക്കാണ് കൊലപാതകം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതി സോണി സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചത് രണ്ട് മക്കളേയും കൂട്ടിയായിരുന്നു. ഇയാളുടെ അറസ്റ്റിന് പിന്നാലെ കുട്ടികളെ ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു.
ഭാര്യയെ കാണാനില്ലെന്ന പരാതിയുമായാണ് സോണി അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനിലെത്തിയത്. പിന്നീട് ഇയാള്‍ കുട്ടികളെയും കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പൊലീസിൻ്റെ പിടിയിലാകുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.