കോഴിക്കോട് : ഏഴു വയസുകാരി അതിഥി എസ് നമ്പൂതിരിയുടെ കൊലപാതകത്തില്‍ പ്രതികൾ കസ്റ്റഡിയിൽ. ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരി, ദീപിക അന്തർജ്ജനം എന്നിവർക്കെതിരെയാണ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചത്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടക്കാവ് പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ പിടിയിലാകുകയായിരുന്നു. അതേസമയം, കൊലപാതകത്തില്‍ അച്ഛന്‍റെയും രണ്ടാനമ്മയുടെയും ശിക്ഷാവിധി ഇന്ന്. കൊലപാതകക്കുറ്റം അനുസരിച്ചുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കുന്നത്.
2013 ഏപ്രില്‍ 23നാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അതിഥി എസ് നമ്പൂതിരി മരിക്കുന്നത്. പൊള്ളലേല്‍ക്കുകയും മര്‍ദ്ദനവുമേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പട്ടിണിയ്ക്കിട്ടും, മര്‍ദ്ദിച്ചും അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിയും രണ്ടാനമ്മയായ ദേവികയും കുട്ടിയെ കൊന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍ കൊലപാതകം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നില്ല.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം, കൈകൊണ്ടും ആയുധം കൊണ്ടും മര്‍ദ്ദിയ്ക്കല്‍, എന്നീ കുറ്റങ്ങള്‍ മാത്രമാണ് തെളിഞ്ഞത്. ഇവ പ്രകാരം പരമാവധി ശിക്ഷയായ മൂന്ന് 3 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോഴിക്കോട് അഡീഷണല്‍ സെഷന്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കൊലപാതകത്തില്‍ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്.
