കോഴിക്കോട്: താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ് നടത്തി എന്ന പരാതിയില്‍ ഈങ്ങാപ്പുഴ കൊശമറ്റം ഫിനാൻസ് മാനേജർ ബിന്ദുവിനും മറ്റ് സ്റ്റാഫുകൾക്കും എതിരെ കേസ്. വഞ്ചനകുറ്റം ഉൾപ്പടെ ഏഴ് വർഷം തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകൾ ആണ് കേസിൽ ചുമത്തിയിരിക്കുന്നത്.

നാല് മാസങ്ങൾക്ക് മുമ്പ് കൊശമറ്റം ഫിനാന്‍സില്‍ പണയം വച്ച പണയ സ്വർണം വ്യാജമാണെന്ന് മനസിലായപ്പോൾ കസ്റ്റമർ ആയ നോബി ജോർജ് എന്നയാളെ വിളിച്ചു വരുത്തുകയായിരുന്നു. നോബിയുടെ കൈയിൽ പണയസ്വർണം തിരിച്ചെടുക്കുവാൻ പണമില്ല എന്ന് മനസിലാക്കിയ മാനേജർ ബിന്ദുവും സഹപ്രവർത്തകരും കൂടി നോബിയോട് വ്യാജ സ്വർണം ഈങ്ങാപ്പുഴ ചാത്തംണ്ടത്തിൽ ഫിനാൻസിൽ ചെന്നാൽ അവർ പണവുമായി വന്ന് ടേക്ക് ഓവർ ചെയ്യും എന്ന് ധരിപ്പിക്കുകയുംചെയ്യുകകയായിരുന്നു.
തുടർന്ന് നോബി ചാത്തംകണ്ടത്തിൽ ഫൈനാൻസിൽ വരികയും കൊശമറ്റം ഫിനാൻസിൽ പണയംവച്ച രേഖകൾ കാണിക്കുകയും പണയം ടേക്ക് ഓവർ ചെയ്യണമെന്ന് അവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ ചാത്തം കണ്ടത്തിൽ ഫിനാൻസ് പ്രധിനിധി കസ്റ്റമറോട് ഒപ്പം Rs 139500/- മായി കൊശമറ്റം ഫൈനസിൽ ചെല്ലുകയും പണം അടച്ചു സ്വർണം റിലീസ് ആക്കുകയും ചെയ്തു.
സ്വർണം കിട്ടി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഇതുവ്യാജമാണെന്ന് മനസിലാക്കിയ ചാത്തംകണ്ടത്തിൽ ഫിനാൻസ് പ്രതിനിധികൾ സ്വർണം തിരികെയെടുക്കണം എന്ന് കൊശമറ്റത്തോട് അവശ്യപ്പെട്ടു. എന്നാൽ അവർ അതിന് കൂട്ടാക്കിയില്ല.
കൊശമറ്റം ഫിനാൻസിൽ നോബി വ്യാജ സ്വർണം പണയം വച്ചതായി കണ്ടെത്തിയപ്പോൾ പോലീസിൽ അറിയിക്കാതെ വിവരം മറച്ചുവച്ച് മനപ്പൂർവം ഗൂഢാലോചന നടത്തി ചാത്തംകണ്ടത്തിൽ ഫിനാൻസിനെ പറ്റിച്ചതിനാണ് വഞ്ചനകുറ്റം ചുമത്തി ബിന്ദുവിനും സഹപ്രവർത്തകർക്കും നോബിക്കും എതിരെ താമരശേരി പോലീസ് കേസ് എടുത്തത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            