കോഴിക്കോട്: നഗരത്തില്‍ വന്‍ ലഹരിവേട്ട. കോഴിക്കോട് സിറ്റി ഡാന്‍സാഫും ഫറോക്ക് പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 155 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയിലായി.
മലപ്പുറം ചേലേമ്പ്ര പുല്ലുകുന്ന് സ്വദേശി പുത്തലത്ത് വീട്ടില്‍ ഷഹീദ് ഹുസൈന് (28), കടലുണ്ടി ചാലിയം സ്വദേശി വൈരം വളപ്പില്‍ വീട്ടില്‍ അബു താഹിര്‍ (25) എന്നിവരാണ് പിടിയിലായത്. കോഴിക്കോടും രാമനാട്ടുകരയും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിനായി ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ എത്തിച്ചുകൊടുക്കുന്ന കാരിയര്‍മാരാണ് ഇവരെന്ന് പോലീസ് അറിയിച്ചു.
കാറില്‍ ലഹരിമരുന്ന് കൊണ്ടുവരുന്നതിനിടെ രാമനാട്ടുകര വൈദ്യരങ്ങാടി ഭാഗത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഓണം വിപണി ലക്ഷ്യമിട്ടാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ്പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ലഹരി എത്തിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.