കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം സ്വദേശിനി 18 കാരിക്ക് നിപ സ്ഥിരീകരിച്ചതിനാല്‍ ആരോഗ്യ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. യുവതി ചികിത്സ തേടിയ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍ അടക്കം, 43 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്. ആര്‍ക്കും രോഗ ലക്ഷണങ്ങളില്ല.
നിപ സംശയമുള്ള രോഗികളെ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് അനുവദിച്ചു. പരിഭ്രാന്തരാകേണ്ടതില്ലെന്ന് DMO ഡോ. കെ കെ രാജാറാം അറിയിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനായി രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ പ്രത്യേക കണ്ട്രോള് റൂമും പ്രവര്‍ത്തനം തുടങ്ങി.
പനി ബാധിച്ച് മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. കഴിഞ്ഞ മാസം 28 നാണ് രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. അതിനുമുമ്പ് മക്കരപ്പറമ്പിലെ ക്ലിനിക്കിലും മലപ്പുറം സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്.
ഈ മാസം ഒന്നിനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് യുവതി മരിച്ചത്. മലപ്പുറം ജില്ലയിൽ മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ 20 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. പെരിന്തൽമണ്ണയിൽ ചികിത്സയിൽ കഴിയുന്ന നാട്ടുകൽ സ്വദേശിയുടേതുൾപ്പെടെ രണ്ട് കേസുകളിൽ ആയി 211 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്