കോഴിക്കോട് ലോട്ടറി ക്ഷേമനിധി ഓഫീസ് അപകടാവസ്ഥയിൽ; പരിഹാരമില്ലാതെ ഒരു വർഷം പിന്നിടുന്നു

news image
Mar 1, 2026, 9:26 am GMT+0000 payyolionline.in

കോഴിക്കോട്: സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലോട്ടറി ക്ഷേമനിധി ഓഫീസിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഓഫീസിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണിട്ട് മാർച്ച് ഒന്നിന് ഒരു വർഷം തികയുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. അഞ്ച് വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാർ ഓരോ ദിവസവും ജീവൻ പണയം വെച്ചാണ് ഇവിടെ ജോലി ചെയ്യുന്നത്.

കഴിഞ്ഞ വർഷം മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ തകർന്നു വീണപ്പോൾ ജീവനക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെ ലോട്ടറി ഡയറക്ടറും ബോർഡ് ചെയർമാനും സ്ഥലം സന്ദർശിച്ച് അടിയന്തര നടപടി ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടിട്ടും കെട്ടിടത്തിന്റെ സ്ഥിതിയിൽ മാറ്റമില്ല. ടിക്കറ്റ് എടുക്കാനും ക്ഷേമനിധി വിഹിതം അടയ്ക്കാനുമായി എത്തുന്ന തൊഴിലാളികളും ഏജന്റുമാരും ഭീതിയോടെയാണ് ഓഫീസിലേക്ക് പ്രവേശിക്കുന്നത്. വലിയങ്ങാടിയിലുണ്ടായ കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ ഓഫീസിലെ അവസ്ഥ കൂടുതൽ ആശങ്കയുണ്ടാക്കുന്നു.

കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കി സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് ഒരുങ്ങുകയാണ് ഓൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.). വിഷയത്തിൽ ധനകാര്യമന്ത്രിക്കും ലോട്ടറി ഡയറക്ടർക്കും നിവേദനം നൽകാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe