തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പരിധി വിട്ടുവെന്ന് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങൾ കർശനമായി നിയന്ത്രിക്കാൻ കെപിസിസിക്ക് ഹൈക്കമാൻഡ് നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി ചർച്ചകളിൽ ഘടക കക്ഷികൾ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. സമൂഹ്യ മാധ്യമങ്ങളിൽ നേതാക്കളെ അധിക്ഷേപിച്ച സംഭവം നേതാക്കൾ കെപിസിസി യോഗത്തിൽ ഉന്നയിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഗൂഢാലോചന നടന്നതായാണ് ആരോപണം.
വിമല ബിനുവിനെതിരെ നടപടി വേണമെന്ന് കെപിസിസി ഭാരവാഹികൾ ആവശ്യപ്പെട്ടു. ദീപ്തി മേരീ വർഗീസ്, എം ആർ അഭിലാഷ്, മണക്കാട് സുരേഷ് എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. ശക്തമായ നടപടി ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി പറഞ്ഞു. ‘ഇലക്ഷൻ 2026 വിഡിഎസ്’ വാട്സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളിൽ അന്വേഷണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു. നേതാക്കൾക്ക് എതിരെയുളള അധിക്ഷേപത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. എഐസിസി സെക്രട്ടറി റോജി എം ജോണിനെ അധിക്ഷേപിച്ചുളള കുറിപ്പും വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. പ്രവർത്തകസമിതി അംഗം കെ സുധാകരനെ അധിക്ഷേപിച്ചുളള കുറിപ്പും ഉണ്ടായിരുന്നു.
‘ഇലക്ഷൻ 2026 വിഡിഎസ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് മറ്റ് കോൺഗ്രസ് നേതാക്കളെ അധിക്ഷേപിക്കാൻ ആഹ്വാനമുണ്ടായത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോൺഗ്രസിൽ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത്. മുഹമ്മദ് ഷിയാസായിരുന്നു ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആദ്യഘട്ടത്തിൽ ആരോഗ്യപരമായ ചർച്ചകളായിരുന്നു എങ്കിൽ അത് പിന്നീട് നേതാക്കളെ അധിക്ഷേപിക്കുന്ന തലത്തിലേക്ക് മാറി. നേതാക്കളെ അധിക്ഷേപിക്കുന്നു എന്ന് കാണിച്ച് കെപിസിസി തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. തങ്ങളുടെ നേതാക്കളെ വ്യാജ അക്കൗണ്ടുകളിലൂടെ അപമാനിക്കുന്നു എന്നായിരുന്നു കെപിസിസി നൽകിയ പരാതി. ഇതിൽ പൊലീസ് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിന് വേണ്ടി രൂപീകരിച്ചു എന്ന് സൂചിപ്പിക്കുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ എതിരാളികൾക്കെതിരെ അധിക്ഷേപം ചൊരിയാനുള്ള നിർദേശങ്ങൾ നൽകുന്നത്. കെ സി വേണുഗോപാലിനെതിരെ പ്രചാരണം നടത്തണമെന്നുള്ള നിർദേശമാണ് പ്രധാനമായും ഈ ഗ്രൂപ്പിൽ നൽകിയിരിക്കുന്നത്.
ഈ ഗ്രൂപ്പിൽ കെ സി വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് റോജി എം ജോൺ പങ്കുവെച്ച ഫേസ്ബുക്ക് പങ്കുവെച്ചിരിക്കുന്നത് കാണാം. റോജി എം ജോണിന്റെ കമന്റ് ബോക്സിൽ ഏറ്റവും രൂക്ഷമായ അധിക്ഷേപം ചൊരിയണമെന്ന നിർദേശം ഈ ഗ്രൂപ്പിൽ നൽകിയിരിക്കുന്നതുകാണാം. ഈ സന്ദേശം പങ്കുവെച്ച ശേഷമാണ് റോജി എം ജോണിന്റെ കമന്റ് ബോക്സിൽ അധിക്ഷേപം ഉയർന്നതെന്ന് വ്യക്തമാണ്. ഒരു പ്രധാന നേതാവിന് വേണ്ടി പിആർ വർക്ക് നടത്തുന്ന ചിലർ ഈ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാണെന്നാണ് വിവരം. ചില നേതാക്കളുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും വിശ്വസ്തരും അടക്കം ഈ ഗ്രൂപ്പിൽ ഉണ്ട്.
