കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നു, മത്സരിക്കുന്ന കാര്യം ചർച്ചയായില്ല, നാളെ എന്ത് നടക്കുമെന്ന് പറയാനാവില്ല -പ്രേംകുമാർ

news image
Feb 20, 2026, 7:41 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച ആലോചിച്ചിട്ടില്ലെന്ന് നടൻ പ്രേംകുമാർ. കോൺഗ്രസ് നേതാക്കളുമായി ചർച്ച നടന്നിട്ടുണ്ട്. മത്സരിക്കുന്ന കാര്യം ചർച്ചയായില്ല. നാളെ എന്ത് നടക്കുമെന്ന് പറയാനാവില്ലെന്നും പ്രേംകുമാർ പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് പോകുമെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. താൻ കെ.എസ്‍.യു പ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായി പരിഗണിച്ചല്ല സർക്കാർ തനിക്ക് നിയമനം നൽകിയത്. ജനങ്ങളുടെ പക്ഷം നിൽക്കുന്ന പ്രത്യയശാസ്ത്രമായാണ് കമ്യൂണിസത്തെ കണ്ടത്. ആ പ്രസ്ഥാനത്തോട് ഇപ്പോഴും അനുഭാവമുണ്ട്. പ്രത്യേക സാഹചര്യത്തിലാണ് താൻ ചലച്ചിത്ര അക്കാദമി ചെയർമാനായത്. തന്നെ മാറ്റിയതിന്‍റെ കാരണം ആരും വ്യക്തമാക്കിയിട്ടില്ല.

ആശാ സമരത്തെക്കുറിച്ച് താൻ പറഞ്ഞതാണ് മാറ്റാൻ കാരണമെന്ന് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞത്. പുറത്താക്കുന്ന വിവരം മാധ്യമങ്ങളിലൂടെ അറിയേണ്ടിവന്നത് ഒരു ചെയർമാന്‍റെ ഗതികേടാണ്. ആത്മാഭിമാനത്തിനേറ്റ മുറിവാണ്. പുറത്താക്കിയശേഷം ആരും തന്നെ ബന്ധപ്പെട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല. താൻ സിനിമ നയരൂപവത്​കരണ സമിതിയിലെ അംഗമാണെങ്കിലും ചർച്ചകൾക്ക് വിളിക്കാറില്ല. അഭിപ്രായസ്വാതന്ത്ര്യം ഇല്ലാത്തിടത്ത് എങ്ങനെയാണ് നിലനിൽക്കുക? കെ. സച്ചിദാനന്ദൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ നടപടിയില്ല? -അദ്ദേഹം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe