വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവയ്ക്കാൻ ശ്രമം. ക്യാനിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിലാണ് തിങ്കളാഴ്ച രാത്രിയാണ് വൻ അപകടത്തിന് തിരികൊളുത്താമായിരുന്ന അതിക്രമം നടന്നത്. ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു മൂന്ന് പേരടങ്ങിയ സംഘം.
ബോട്ടിൽ കൈവശമില്ലെന്നും ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് തരണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു. ബോട്ടിൽ ഇവിടെ ഇല്ലെന്നും കൊണ്ടുവരണമെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് തർക്കം നടന്നു.
അവസാനം ഓട്ടോയിലെ ക്യാനിൽ നിർബന്ധിച്ച് പെട്രോൾ നിറച്ച ശേഷം അത് നിലത്തൊഴിച്ച് തീ കൊളുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റാഫുകളുടെ ഇടപെടൽ മൂലമാണ് അപകടം ഒഴിവായത്. പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
