ഗര്‍ഭിണിയെ മര്‍ദിച്ച പൊലീസുകാരനെതിരായ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് ഒളിച്ചുവച്ചു -വി.ഡി. സതീശൻ

news image
Dec 19, 2025, 11:07 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗര്‍ഭിണിയായ സ്ത്രീയെയും കുടുംബത്തെയും പൊലീസ് മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗര്‍ഭിണിയായ സ്ത്രീയോടും അവരുടെ കുടുംബത്തോടും പൊലീസ് നടത്തിയ ക്രൂരമായ അതിക്രമം പിണറായി വിജയന്‍ പൊലീസിന്റെ തനിനിറം ജനങ്ങള്‍ക്ക് മുന്നില്‍ ഒന്നുകൂടി തുറന്നുകാട്ടുന്നതാണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങളുടെ നീണ്ട കഥയാണ് പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

നിസാരമായ കാര്യത്തിന് ഭര്‍ത്താവിനെ പൊലീസ് പിടിച്ചു കൊണ്ടുപോയി സ്‌റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നത് അറിഞ്ഞാണ് ഭാര്യ കുഞ്ഞുങ്ങളുമായി സ്‌റ്റേഷനിലെത്തിയത്. അവരുടെ മുന്നില്‍ വച്ചും മര്‍ദിക്കുന്നത് കണ്ടാണ് ബഹളമുണ്ടാക്കിയത്. അപ്പോള്‍ അവരെയും ക്രൂരമായി മര്‍ദ്ദിച്ചു. കുഞ്ഞുങ്ങളുമായി എത്തിയ ഗര്‍ഭിണിയെ പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ച സംഭവം കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. 2024ല്‍ ഇതുസംബന്ധിച്ച പരാതി ആഭ്യന്തര വകുപ്പിന്റെ ചുമതലുള്ള മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടും ഒരു നടപടിയും എടുക്കാതെ ഒളിച്ചുവച്ചു. എന്നിട്ടാണ് അന്വേഷണം നടത്തിയെന്നു പറയുന്നത്.

ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭത്തെ കുറിച്ച് പോലും അറിയാനുള്ള സംവിധാനം കേരള പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിന് ഇല്ലേ? അതോ അറിഞ്ഞിട്ടും മറച്ചുവച്ചതാണോ? രണ്ടായാലും ഗുരുതരമായ പ്രശ്‌നമാണ്. മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയാനും ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും തയാറാകണം. കുറ്റകൃത്യം ചെയ്ത ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കണം.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കോടതിയില്‍ പോയില്ലായിരുന്നെങ്കില്‍ ഈ ക്രൂരമര്‍ദനം ആരും അറിയില്ലായിരുന്നു. സ്‌റ്റേഷനുകളില്‍ നടക്കുന്നതിന്റെ നൂറിലൊന്ന് വിവരങ്ങള്‍ പോലും പുറത്തു വരുന്നില്ല. പൊലീസ് ജനങ്ങളെ ശത്രുക്കളെ പോലെ കാണുകയും നിരപരാധികളെ പീഡിപ്പിക്കുകയും ചെയ്യുന്ന കാലമായി പിണറായിയുടെ പൊലീസ് കാലഘട്ടം മാറി.

ക്രിമിനലുകളില്‍ നിന്നും കൈക്കൂലി വാങ്ങി ഡി.ഐ.ജി റാങ്കിലുള്ള ആള്‍ ടി.പി കേസിലെ പ്രതികളെ പോലും പരോളില്‍ വിടുന്നു. പണം നല്‍കിയാല്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊടുംക്രിമിനലുകള്‍ക്ക് ജയിലില്‍ നിന്നും വീട്ടില്‍ പോയി ഇരിക്കാം. സ്‌കോട്‌ലന്‍ഡ് യാര്‍ഡിനെ വെല്ലുന്ന പൊലീസായിരുന്ന കേരള പൊലീസിനെ പിണറായി വിജയന്റെ കാലത്ത് അധഃപതിപ്പിച്ചു.

തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് എതിരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ മുറഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടില്ല. ക്രിമിനലുകളായ പൊലീസുകാരെ സംരക്ഷിക്കുന്നത് സി.പി.എമ്മും മുഖ്യമന്ത്രിയുടെ ഓഫിസുമാണ്. 2024ല്‍ നടന്ന സംഭവം മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ മുഖ്യമന്ത്രി എന്തിനാണ് അവിടെ ഇരിക്കുന്നതെന്നാണ് ചോദ്യം.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരല്ല, തീവ്രവലതുപക്ഷ സര്‍ക്കാരാണ്. ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ ലോകത്ത് എല്ലായിടത്തും ചെയ്യുന്നതു പോലെ അസഹിഷ്ണുതയോടെയാണ് എല്ലാ എതിര്‍പ്പുകളെയും നേരിടുന്നത്. ഒരു പാട്ട് കേട്ടാല്‍ പോലും അസ്വസ്ഥരാകും. പാട്ട് കേള്‍ക്കാനുള്ള സഹിഷ്ണുത പോലും ഇല്ല. പാട്ടിന്റെ അണിയറപ്രവര്‍ത്തകരെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കും. ഇത് കേരളമാണ്. ഭരണഘടനയുടെ 19 (1) (എ) ലംഘിക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.

സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ ഇതായിരിക്കുമെന്ന് ഫാഷിസ്റ്റ് സര്‍ക്കാരുകള്‍ പറയുന്നതു പോലെയാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. അയ്യപ്പന്റെ വിവാഹം മാളികപ്പുറത്ത് അമ്മയുമായി കഴിഞ്ഞെന്ന് എം. സ്വരാജ് പറഞ്ഞപ്പോള്‍ രാജു എബ്രഹാമിന് വൃണപ്പെട്ടില്ലേ? പിണറായി വിജയനും എം. സ്വരാജും സ്ത്രീപ്രവേശന കാലത്ത് നടത്തിയ പ്രസ്താവനകളൊന്നും ആര്‍ക്കും വൃണപ്പെട്ടില്ലേ. കെ. കരുണാകരന് എതിരെ സി.പി.എം പാരഡി ഗാനം ഉണ്ടാക്കിയപ്പോള്‍ ഞങ്ങള്‍ പരാതിപ്പെട്ടിട്ടില്ലല്ലോ.

അധികാരത്തിന്റെ അഹങ്കാരം ബാധിച്ച്, ആരും എതിര്‍ക്കാനും സംസാരിക്കാനും പ്രചരണം നടത്താനും പാടില്ലെന്ന നിലപാടാണ്. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഒന്നുകൂടി ഹാലിളകി. അതാണ് ഇപ്പോള്‍ കാണുന്നത്. കേരളം മുഴുവന്‍ ആ പാട്ട് പാടിക്കൊണ്ടിരിക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകളും ഇപ്പോള്‍ ഈ പാട്ടാണ് പാടുന്നത്. കേസ് എടുത്ത് ഭയപ്പെടുത്താന്‍ നോക്കേണ്ട. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നതല്ല പ്രശ്‌നം, പാരഡിയാണ് പ്രശ്‌നം. സ്വര്‍ണംകവര്‍ന്നവരുടെ തോളില്‍ കയ്യിട്ടു കൊണ്ടാണ് സി.പി.എം സംസാരിക്കുന്നത്.

ബ്രൂവറി വിഷയത്തിലെ ഹൈകോടതി വിധി സ്വാഗതം ചെയ്യുന്നു. എലപ്പുള്ളി ബ്രൂവറിക്കെതിരെ പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ പറഞ്ഞു കൊണ്ടാണ് ഹൈകോടതിയും അനുമതി റദ്ദാക്കിയത്. സുതാര്യതയില്ലാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയും പഠനം നടത്താതെയും ബ്രൂവറി കൊണ്ടുവന്നത് ചൂണ്ടിക്കിക്കാട്ടിയാണ് ഹൈകോടതി അനുമതി റദ്ദാക്കിയതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe