ഗുജറാത്തിലെ അതിജീവിതയ്‌ക്ക്‌ ഗർഭഛിദ്രത്തിന്‌ സുപ്രീംകോടതിയുടെ അനുമതി; ഹൈക്കോടതിക്ക്‌ രൂക്ഷവിമർശനം

news image
Aug 21, 2023, 6:57 am GMT+0000 payyolionline.in

ന്യൂഡൽഹി > ഗുജറാത്തിൽ ബലാത്സംഗത്തിന്‌ ഇരയായ അതിജീവിതയുടെ ഗർഭഛിദ്രത്തിന്‌ സുപ്രീകോടതിയുടെ അനുമതി. 28 ആഴ്‌ച പൂർത്തിയായ ഗർഭം അലസിപ്പിക്കാനാണ്‌ കോടതി അനുമതി നൽകിയത്‌. കേസിൽ ഗുജറാത്ത് ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇന്നോ നാളെ രാവിലെ ഒൻപത് മണിക്കുള്ളിലോ ഗർഭഛിദ്രത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം.

28 ആഴ്‌ചയോടടുക്കുന്ന ഗർഭം അവസാനിപ്പിക്കണമെന്ന യുവതിയുടെ ഹർജിയിൽ വാദം കേൾക്കാൻ കഴിഞ്ഞ ശനിയാഴ്‌ച സുപ്രീം കോടതി പ്രത്യേക സിറ്റിങ് നടത്തിയിരുന്നു. പ്രത്യേക സിറ്റിംഗിൽ, ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും ഉജ്ജൽ ഭുയാനും അടങ്ങുന്ന ബെഞ്ച് ഗുജറാത്ത് ഹൈക്കോടതിയെ വിമർശിച്ചിരുന്നു.

ആദ്യം, ഹൈക്കോടതി വാദം കേൾക്കുന്നത് 12 ദിവസത്തേക്ക് മാറ്റിവച്ചു, പിന്നീട് വാദം കേൾക്കൽ നീട്ടിക്കൊണ്ട് ഹർജി തള്ളി. ഹൈക്കോടതിയുടെ സമീപനം മൂലം വിലപ്പെട്ട സമയം നഷ്‌ടമായെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഹൈക്കോടതി രജിസ്ട്രിയോട് വിശദീകരണം തേടിയിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe