കൈയിൽ പണം കരുതി നടക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. എല്ലാവരും ഡിജിറ്റൽ പേയ്മെന്റുകളെയാണ് ആശ്രയിക്കുന്നത്. അതിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് ഗൂഗിൾ പേ ആണ്. എന്നാൽ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ തെറ്റുകൾ പലപ്പോഴും പണം നഷ്ടമാകാൻ കാരണമാകാറുണ്ട്. അതായതു ഗൂഗിള്‍ പേയില്‍ ആളുമാറി പണമയച്ചുപോയാൽ ആ പണം പോയി എന്ന് കരുതിയാൽ മതിയായിരുന്നു. എന്നാൽ അങ്ങനെ പറ്റിയാൽ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് അറിയാമോ ?
കോണ്ടാക്ട് മാറി പണമയച്ചാൽ അദ്ദേഹത്തെ വിളിച്ച് പണം മാറി അയച്ച വിവരം അറിയിക്കുകയും തിരികെ ലഭിക്കാനുള്ള മാർഗങ്ങൾ തേടാനും ശ്രമിക്കണം. ഇനി, മാറി അയച്ചത് അപരിചിതർക്കാണെങ്കിൽ അയാളെ വിളിച്ച് പണം തിരികെ അയക്കാൻ മാന്യമായി ആവശ്യപ്പെടാം. ഭൂരിഭാഗം കേസുകളിലും ഇത് തിരികെ ലഭിക്കാൻ ആണ് സാധ്യത.
ഇനി നടന്നില്ലെങ്കിൽ ഗൂഗിൾ പേയുടെ കസ്റ്റമർ സർവീസിൽ വിളിക്കാം. ഇതിനായി ഗൂഗിൾ പേ ടോൾ ഫ്രീ നമ്പർ ഉപയോക്താക്കൾക്കായി പുറത്തിറക്കിയിട്ടുണ്ട്. 18004190157 എന്ന നമ്പറിലൂടെയാണ് ഗൂഗിൾ പേ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടേണ്ടത്. ഈ നമ്പറിൽ വിളിച്ചാൽ തുടർ നടപടികൾ ഗൂഗിളിന്റെ ഭാഗത്തു നിന്നും ഉണ്ടാകും.
പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ കയ്യിൽ പണം ഇടപാട് നടത്തിയതിന്റെ വിവരങ്ങൾ ഉണ്ടാകണം. ഗൂഗിൾ പേ ഹിസ്റ്ററി നോക്കിയാൽ ട്രാൻസാക്ഷൻ ഐഡി ലഭിക്കും. രണ്ടാമതായി ഇടപാട് നടത്തിയ തീയ്യതിയും സമയവും വേണം. പിന്നെ വേണ്ടത് ഇടപാട് തുക എത്ര എന്നുള്ളതാണ്. നാലമത് വേണ്ടത് പണം സ്വീകരിച്ച ആളുടെ യുപിഐ ഐഡിയാണ്. ഈ വിവരങ്ങളെല്ലാം ഗൂഗിൾ പേയുടെ കസ്റ്റമർ സർവീസിന് നൽകിയാൽ പരാതി രജിസ്റ്റർ ചെയ്യാം.
ഇതല്ലാതെ മറ്റൊരു മാർഗം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യിൽ പരാതി രജിസ്റ്റർ ചെയ്യുക എന്നത്. npci.org.in സന്ദർശിച്ച ശേഷം ‘What We Do’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് UPI തിരഞ്ഞെടുക്കുക. യുപിഐ ഇടപാട് ഐഡി, അയച്ചയാളുടെയും സ്വീകരിക്കുന്നയാളുടെയും ബാങ്ക് പേരുകൾ, ട്രാൻസ്ഫർ ചെയ്ത തുക തുടങ്ങിയ വിശദാംശങ്ങൾ പൂരിപ്പിച്ചാൽ പരാതി രജിസ്റ്റർ ആവും.
ഇത്തരത്തിൽ ഡിജിറ്റൽ പേയ്മെന്റുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക എന്നതാണ് എല്ലാത്തിലും ഉപരി നല്ലത്.