കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് ശാലിനിയെ പാമ്പ് കടിച്ചത്. വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. തുടർന് വീട്ടിലെത്തിയ ശാലിനി വിശ്രമത്തിലായിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങി. അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഭർത്താവ് അനീഷ് വിദേശത്താണ്.
