തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്നതിലെ കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. പ്രായോഗിക പരീക്ഷയിൽ ജയിച്ചാൽ ഗ്രൗണ്ട് വിടും മുൻപ് ഡ്രൈവിങ് ലൈൻസ് ലഭ്യമാകും. പരീക്ഷയിൽ വിജയിച്ചാലുടൻ ഉദ്യോഗസ്ഥൻ അപ്ഡേറ്റ് ചെയ്യും. ഇതോടെ ആ നിമിഷം തന്നെ ലൈസൻസ് ലഭ്യമാകും. മൊബൈൽ ഫോണിലേക്ക് ഡിജിറ്റൽ രൂപത്തിലാകും ഈ ലൈസൻസ് ലഭിക്കുക. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർസിബുക്കും നൽകുന്നത് കേരളമാണെന്ന് മന്ത്രി പറഞ്ഞു.ഡിജിറ്റൽ ലൈസൻസ് നൽകുന്ന മികച്ച തീരുമാനം വരുമ്പോൾ ഇതിനെ ചിലർ അട്ടിമറിക്കാനും കുഴപ്പത്തിലാക്കാനും ശ്രമം നടത്തിയേക്കാം. എന്നാൽ അതിനൊന്നും വഴങ്ങരുത്. ലൈസൻസിൽ ഹോളോ ഗ്രാം വേണമെന്നത് തെറ്റായ കാര്യമാണ്. ഹോളോ ഗ്രാം വേണമെന്ന് പറഞ്ഞ് പലരും പലരെയും കമ്പളിപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഡൗൺ ലോഡ് ചെയ്യുന്ന ലൈസൻസ് പോലീസിനെയോ മറ്റ് പരിശോധകൾക്കോ കാണിക്കാം. അക്ഷയിലെത്തി ലൈസൻസ് കാർഡാക്കി മാറ്റുവാനും സാധിക്കും. 100 അല്ലെങ്കിൽ 110 രൂപയാണ് ഇതിനായി ഈടാക്കുക. ഇതിൽ കൂടുതൽ തുക നൽകരുതെന്നും മന്ത്രി പറഞ്ഞു.ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ എല്ലാ വിവരങ്ങളും ലഭ്യമാകും. ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ലൈസൻസും ആർസി ബുക്കും ഏർപ്പെടുത്തിയത് കേരളത്തിലാണ്. ഇതുസംബന്ധിച്ച ട്യൂട്ടോറിയൽ വീഡിയോ കെഎസ്ആർടിസി, എവിവിഡി എന്നിവയുടെ സോഷ്യൽ മീഡിയ പേജുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാണെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കി.
ഡിജിറ്റൽ ലൈസൻസും ആർസി ബുക്കും ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന കാര്യത്തിൽ ആശങ്ക വേണ്ട. കെഎസ്ആർടിസി, എവിവിഡി എന്നിവയുടെ പേജുകളിലെ ട്യൂട്ടോറിയൽ വീഡിയോകളിൽ ഇക്കാര്യം പറയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.ഡ്രൈവിങ് ലൈൻസൻസ് അക്ഷയിൽ നിന്ന് കാർഡാക്കി അടിച്ച് ലഭിക്കും. ഈ കാർഡിൽ ഒരു ക്യൂ ആർ കോഡ് ഉണ്ട്. ഈ ക്യൂ ആർ കോഡ് എവിടെ നിന്ന് സ്കാൻ ചെയ്താലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെൻ്റിൻ്റെ ഔദ്യോഗിക സൈറ്റിലേക്ക് പോകുകയും ലൈസൻസിൻ്റെ സത്യസന്ധത വ്യക്തമാക്കാനുമാകും.
പഴയ ലൈസൻസും ആർസി ബുക്കും ഉള്ളവർക്ക് ഡിജി ലോക്കിലേക്ക് സ്വന്തമായി ഡൗൺലോഡ് ചെയ്യാനാകും. നിലവിലുള്ള ലൈസൻസുകളെ ഡിജി ലോക്കിലേക്ക് മാറ്റാൻ സാധിക്കും. മറ്റുള്ളവരുടെ സഹായമില്ലാതെ ആർസി ബുക്കും ലൈസൻസും ഡൗൺലോഡ് ചെയ്യാനാകും. മാസങ്ങളായി ആർ സി ബുക്കും ലൈസൻസും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടുന്ന സമയത്താണ് സർക്കാർ ഇത്തരമൊരു മാറ്റത്തിലേക്ക് കടന്നത്. വിപ്ലവകരമായ മാറ്റാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            