മൂടാടി: ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു, എസ്.എസ്.എൽ.സി., എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കായി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കൊയിലാണ്ടി എം.എൽ.എ. അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൗട്ട്സ്, ഗൈഡ്സ് വിഭാഗങ്ങളിൽ രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് മരണാനന്തര ബഹുമതിയായി ലഭിച്ച മുഹമ്മദ് മുഹ്സിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രത്യേക അവാർഡ്, സ്കൂളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ നിവേദ്യയ്ക്ക് ചടങ്ങിൽ വെച്ച് കൈമാറി. കൂടാതെ, സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റ് വിദ്യാലയത്തിലേക്ക് നൽകുന്ന ഫസ്റ്റ് എയ്ഡ് കിറ്റിന്റെ വിതരണോദ്ഘാടനം എം.എൽ.എ. പ്രിൻസിപ്പലിന് നൽകി നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ പി. ശ്യാമള സ്വാഗതം ആശംസിച്ച യോഗത്തിൽ വാർഡ് മെമ്പർ അനസ് അണ്യാട്ട്, പി.ടി.എ. പ്രസിഡന്റ് അബ്ദുൾ കരീം, പ്രധാനാധ്യാപിക ടി.ഒ. സജിത, ഡെപ്യൂട്ടി എച്ച്.എം. ടി. സതീഷ് ബാബു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ.എസ്. രജീഷ് നന്ദി പ്രകാശിപ്പിച്ചു.


