കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തത്തിൽ പൊലിസ് കേസെടുത്തു. സ്ഥാപനത്തിലെ മാനേജരുടെ പരാതിയിൽ കോഴിക്കോട് ടൗൺ പൊലിസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തീപിടിത്തത്തിൽ ഏകദേശം 50 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഫയർഫോഴ്സ് സമർപ്പിച്ച പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ മറ്റു ഭാഗങ്ങളിലേക്ക് പടർന്നത്. കെട്ടിടത്തിലെ ഫയർ സേഫ്റ്റി സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചിരുന്നതായും പുക ഉയർന്ന ഉടൻ തന്നെ ഓട്ടോമാറ്റിക് സ്പ്രിംങ്കളറുകൾ പ്രവർത്തിച്ചു തുടങ്ങിയതായും ഫയർഫോഴ്സ് സമർപ്പിച്ച പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ടാം നിലയിൽ വൻതോതിൽ തുണിത്തരങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് തീ അതിവേഗം പടരാനും ആഘാതം വർദ്ധിക്കാനും കാരണമായത്.
ജില്ലാ ഫയർ ഓഫീസർ തയ്യാറാക്കിയ ഈ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് റെയിൽവേ സ്റ്റേഷന് സമീപമുള്ള ജയലക്ഷ്മി സിൽക്സിന്റെ മൂന്നുനില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. നഗരത്തെ നടുക്കിയ ദുരന്തത്തിൽ 20-ലധികം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം പരിശ്രമിച്ചാണ് രാത്രിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
