മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ജൂൺ 19 ന് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൻ്റെ പരിധിയില് വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു അവധിയായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 48 മണിക്കൂർ ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.
1881 ലെ നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ടിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങൾക്കും ജൂൺ 19ന് ശമ്പളത്തോട് കൂടിയ അവധിയായിരിക്കും. ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ് ആക്ടിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മീഷണർ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തന് യു ഖേൽക്കർ അറിയിച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഡ്രൈ ഡേ പ്രഖ്യാപിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശപ്രകാരം, പോളിങ് ദിവസമായ ജൂൺ 19 (വ്യാഴം) മുതൽ പോളിങ് അവസാനിക്കുന്ന 48 മണിക്കൂറിനുള്ളിൽ, നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡ്രൈ ഡേ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിട്ടത്.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135 സി പ്രകാരം, പോളിങ് ഏരിയയ്ക്കുള്ളിലെ ഹോട്ടലുകൾ ഭക്ഷണശാലകൾ, മദ്യശാലകൾ, മറ്റുകച്ചവടസ്ഥാപനങ്ങൾ, സ്വകാര്യ സ്ഥലം, മറ്റേതെങ്കിലും സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ മറ്റ് വസ്തുക്കളോ വിൽക്കാനോ നൽകാനോ വിതരണം ചെയ്യാനോ പാടില്ല.മദ്യം സൂക്ഷിക്കുന്നതും വിൽക്കുന്നതും കണ്ടെത്തുന്നതിനും തടയുന്നതിനും ആവശ്യമായ മുൻകരുതൽ നടപടികൾ കർശനമായി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ നിർദ്ദേശം നൽകി.
പോളിങ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷൻ്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് കമീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ (saksham-ECI). മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ (saksham -ECI) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്താൻ വീൽചെയർ സേവനങ്ങൾ ഉറപ്പുവരുത്തൽ, അത്യാവശ്യഘട്ടത്തിൽ ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനായി വാഹന സൗകര്യം എന്നിവ ലഭ്യമാകും. സേവനങ്ങൾക്കായി മുൻകൂട്ടി ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം.
ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി സേവനങ്ങൾ ആവശ്യപ്പെടാം. ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് ഭിന്നശേഷി വോട്ടർമാർക്കുള്ള സേവനം ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. കാഴ്ച പരിമിതി ഉള്ളവർക്ക് ബ്രെയിൻ ലിപി വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സ്വന്തം വീട്ടിൽ നിന്നും വോട്ട് ചെയ്യാനുള്ള ഹോം വോട്ടിങ് അവസരവും ലഭിക്കും.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            