കോഴിക്കോട്: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരൻ പി.കെ.ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടപെടില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കപ്പെടണം. സഹോദരനായി താനോ കുടുംബമോ ഇടപെടില്ല. തന്റെ രാഷ്ട്രീയത്തെ വിമർശിക്കുന്ന ആളാണ് സഹോദരനെന്നും ഫിറോസ് പറഞ്ഞു. അറസ്റ്റിൽ പി.കെ.ഫിറോസിനെതിരെ വ്യാപകമായി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നതോടെയാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ട് നിലപാട് വ്യക്തമാക്കിയത്.
ലഹരി മരുന്ന് ഇടപാട് അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ഇന്നലെ ബുജൈർ അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ചൂലാംവയൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ബുജൈർ പൊലീസിനെ ആക്രമിച്ചത്. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിനു പരുക്കേറ്റു. ബുജൈറിന്‍റെ വാഹന – ദേഹ പരിശോധനയിൽ ലഹരി ഒന്നും കണ്ടെത്താനായില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി.
ലഹരി പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം കുന്ദമംഗലം പൊലീസ് റിയാസ് എന്നയാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ റിയാസിന്റെ ഫോണിലെ ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ബുജൈറിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ചതിനുള്ള കുറ്റങ്ങളാണ് നിലവിൽ ബുജൈറിനെതിരെ ചുമത്തിയത്.ബുജൈർ അറസ്റ്റിലായതിനു പിന്നാലെ സഹോദരൻ പി.കെ.ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചിരുന്നു. പി.കെ.ഫിറോസിന്റെ പങ്കും അന്വേഷിക്കണം. പി.കെ. ബുജൈറിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം. മുൻപ് പല കേസുകളിലും പി.കെ.ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവർത്തിക്കുമോ എന്നും ധാർമികത തന്നെയാണ് ഇവിടെയും ചർച്ചയാവുന്നതെന്നും ബിനീഷ് കോടിയേരി പറഞ്ഞിരുന്നു.