ടീം വിഡിഎസ് 21 പേര്‍; മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി; ‘അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമുണ്ട്’

news image
May 17, 2026, 2:17 pm GMT+0000 payyolionline.in

20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍. അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യം അനൂപും പിന്നീടുള്ള രണ്ടര വര്‍ഷം മാണി സി കാപ്പനും മന്ത്രിമാരാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും.

 

ഗ്രൂപ്പ് തര്‍ക്കങ്ങളെന്നത് മാധ്യമങ്ങളുടെ വാര്‍ത്തയെന്നും ഒരു കോണ്‍ഗ്രസ് നേതാവും ഒരാള്‍ക്ക് വേണ്ടിയും അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. റീജണല്‍ ബാലന്‍സും സോഷ്യല്‍ ബാലന്‍സും പരിഗണിച്ചപ്പോള്‍ അര്‍ഹരായ ചിലരെ ഒഴിവാക്കേണ്ടി വന്നെന്നും അതില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ സമ്പൂര്‍ണ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. പുതുമുഖങ്ങളെ നല്ല രീതിയില്‍ പരിഗണിച്ചിട്ടുണ്ടെന്നും സമീപകാലത്ത് യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടിട്ടില്ലാത്ത വിധത്തില്‍ രണ്ട് വനിതാ മന്ത്രിമാരുണ്ടെന്നും പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കര്‍ ഉണ്ടാകുന്നുവെന്നും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ട് മന്ത്രിമാരുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും പുതുയുഗ കേരളത്തിനായി മാധ്യമങ്ങളും പരിശ്രമിക്കണമെന്നും പക്ഷേ ആകാശത്തില്‍ നിന്ന് വാര്‍ത്തയുണ്ടാക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. താന്‍ കറുത്ത കാര്‍ ഉപയോഗിക്കില്ല എന്നൊക്കെയുള്ളത് തെറ്റായ പ്രചാരണമാണ്. പുതിയ കാര്‍ വാങ്ങില്ലെന്ന് മാത്രമാണ് പറഞ്ഞത്. ഇതൊന്നും ലാളിത്യം കാണിക്കാന്‍ വേണ്ടി ചെയ്യുന്നതല്ല. ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ജനങ്ങള്‍ക്ക് കൊടുക്കുന്ന സന്ദേശമാണ്. അകമ്പടി വാഹനങ്ങള്‍ കുറയ്ക്കണമെന്ന് പറഞ്ഞതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകാതിക്കാനാണ്. ജനങ്ങളുടെ ഭാഗത്ത് നിന്ന് ചിന്തിച്ചതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്. അല്ലാതെ വല്ലാതെ ലാളിത്യമുള്ളവനെന്ന് സ്ഥാപിക്കാനുള്ള ഒരു ഉദ്ദേശവും തനിക്കില്ലെന്നും വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിപട്ടികയുമായി ലോക്ഭവനിലെത്തി ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിയുക്ത മുഖ്യമന്ത്രി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe