ടൂറിസ്റ്റ് ബസ് ഉടമകളുടെ ശ്രദ്ധയ്ക്ക്: സെപ്റ്റംബർ ഒന്നാം തീയതി മുതല്‍ രജിസ്ട്രേഷൻ ചട്ടങ്ങളില്‍ മാറ്റങ്ങള്‍

news image
Aug 23, 2025, 3:06 pm GMT+0000 payyolionline.in

പാസ്സഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷന് സെപ്റ്റംബർ ഒന്നാം തീയതി മുതൽ വരുന്ന മാറ്റങ്ങ‍‍ളെ പറ്റി ഓര്‍മിപ്പിച്ച് എം വി ഡി. അറിഞ്ഞിരിക്കാം രജസ്ട്രേഷനില്‍ വരുന്ന മാറ്റങ്ങള്‍.

നിലവിൽ ഡ്രൈവറടക്കം 14- ഓ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റിയുള്ള എല്ലാ പാസ്സഞ്ചർ വാഹനങ്ങളും, കേന്ദ്രമോട്ടോർ വാഹന ചട്ടം നിഷ്കര്ഷിക്കുന്ന പ്രകാരം AIS 052 (ബസ് ബോഡി കോഡ്) പാലിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ബോഡിബിൽഡർ FORM 22 B യിൽ നൽകുന്ന സാക്ഷ്യപത്രം അനുസരിച്ചാണ് രജിസ്റ്റർ ചെയ്ത് വരുന്നത്.

എന്നാൽ 2025 സെപ്റ്റംബർ ഒന്നാം തീയതി മുതൽ, മേൽ ചട്ടത്തിൽ കേന്ദ്ര ഗവൺമെന്റ് ഭേദഗതി നിർദ്ദേശിച്ചിട്ടുണ്ട്. അതുപ്രകാരം ബോഡി ബിൽഡർ നൽകിവരുന്ന സെൽഫ് ഡിക്ലറേഷൻ (FORM 22B) ചട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതുമാണ്. മേൽ തീയതി മുതൽ ഡ്രൈവറടക്കം പതിനാലോ അതിന് മുകളിലോ സീറ്റിംഗ് കപ്പാസിറ്റി ഉള്ള പാസഞ്ചർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യണമെങ്കിൽ AIS:052 നിബന്ധനകൾ പാലിച്ച് നിർമ്മിക്കണം. മാത്രവുമല്ല കേന്ദ്ര മോട്ടോർ വാഹന 126 പ്രകാരം അധികാരപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും ടെസ്റ്റിംഗ് ഏജൻസി നൽകുന്ന ബസ് ബോഡി ടൈപ്പ് അപ്പ്രൂവൽ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം. സാക്ഷ്യപത്രം ഹാജരാക്കി വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയില്ല.
കൂടാതെ ഡ്രൈവറടക്കം 23 ൽ കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി ഉള്ള ബസുകൾ AIS 153 നിബന്ധന കൂടി പാലിക്കണമെന്നും ഭേദഗതി വരുത്തിയിട്ടുണ്ട്.

സെപ്റ്റംബർ ഒന്നാം തീയതി മുതൽ, നിലവിൽ സ്വീകരിച്ചു വരുന്ന Form 22 B സ്വീകരിച്ചുകൊണ്ട് രജിസ്ട്രേഷൻ നടത്താൻ സാധിക്കില്ല എന്നതിനാൽ ബസ് ക്യാബ് ചാസ്സിസ് ആയി വാങ്ങിയിട്ടുള്ളവർ ബോഡി നിർമ്മാണം പൂർത്തിയാക്കി ഓഗസ്റ്റ് മാസം തന്നെ വാഹനം ഹാജരാക്കി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്.

സെപ്റ്റംബർ ഒന്നാം തീയതി മുതൽ ഹാജരാക്കുന്ന വാഹനങ്ങൾ കേന്ദ്ര മോട്ടോർ വാഹന ചട്ടം 126 ഇൽ പരാമർശിക്കുന്ന ഏജൻസികൾ നൽകുന്ന ബസ് ബോഡി ടൈപ്പ് ഉണ്ടെങ്കിൽ മാത്രമേ രജിസ്ട്രേഷൻ നടത്താൻ സാധിക്കുകയുള്ളൂ. നിലവിൽ വാഹന ചാസിസ് വാങ്ങിയിട്ടുള്ളവർ അതിനുമുമ്പായി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ?

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe