മുംബൈ : ഗുജറാത്ത് വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം വേർപെട്ടു. വിമാനം പിന്നീട് സുരക്ഷിതമായി മുംബൈയിൽ ലാൻഡ് ചെയ്തു. ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുംബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ മുൻ ചക്രമാണ് ടേക്ക് ഓഫിന് പിന്നാലെ ഊരിവീണത്.
പറന്നുയർന്നതിന് ശേഷം Q400 ടർബോപ്രോപ്പ് വിമാനത്തിന്റെ പുറംചക്രം റൺവേയിൽ കണ്ടെത്തിയതായി എയർലൈൻ അറിയിച്ചു. ചക്രം ഊരിവീണെങ്കിലും എയർലൈൻ യാത്ര തുടർന്നു. വീൽ അസംബ്ലിയിൽ രണ്ട് യൂണിറ്റുകൾ ഉള്ളതിനാലാണ് വിമാനം യാത്ര തുടർന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ മുംബൈ വിമാനത്താവളത്തിൽ താൽക്കാലിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
യാത്രക്കാർ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം ആരംഭിച്ചു. 75 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.