ട്രയൽ തുടങ്ങി; പന്തീരങ്കാവിൽ ജനുവരി 15-ന് ശേഷം ടോൾ പിരിക്കും, ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ടി തുക

news image
Jan 9, 2026, 4:02 am GMT+0000 payyolionline.in

കോഴിക്കോട്: ദേശീയപാത 66-ന്റെ വെങ്ങളം–രാമനാട്ടുകര റീച്ചിലുൾപ്പെടുന്ന പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ടോൾ പിരിവിന്റെ ട്രയൽ റൺ തുടങ്ങി. ആദ്യം പണമീടാക്കാതെ ടോൾ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കും. ജനുവരി 15-ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് വിവരം. ഇതിനായുളള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

 

ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ്റ്റ് ടാഗിന്റെ ഉപയോഗത്തിനാവും മുൻതൂക്കം ലഭിക്കുക. ഫാസ്റ്റാഗ്ഇല്ലെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരും. കാർ, ജീപ്പ്, വാൻ , ലൈറ്റ് മോട്ടർ വെഹിക്കിളുകൾക്ക് ഒരു വശത്തേക്ക് 90 രൂപ ഫാസ്ടാഗ് നിരക്ക് ഈടാക്കുമ്പോൾ യുപിഐയിൽ നൽകുകയാണെങ്കിൽ അത് 112.5 രൂപയും കറൻസിയായി നൽകിയാൽ 180 രൂപയും ആകും.

 

പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരം താമസക്കാരായവർ ബന്ധപ്പെട്ട രേഖകൾ നൽകിയാൽ സ്വകാര്യ കാർ അടക്കമുളള ലൈറ്റ് മോട്ടർ വാഹനങ്ങൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് ലഭിക്കും. ഇതുള്ളവർക്ക് ഒരു മാസം എത്ര തവണ വേണമെങ്കിലും ടോൾ പ്ലാസയിലൂടെ കടന്നുപോകാം.

സ്വകാര്യ കാറുകൾക്ക് 200 തവണ ടോൾ പ്ലാസയിലൂടെ കടന്നുപോകാനാകും വിധം 3000 രൂപയുടെ വാർഷിക പാസ് രാജ്മാർഗ്‌യാത്ര ആപ്പിലൂടെ റജിസ്റ്റർ ചെയ്യാനും കഴിയും. മഹാരാഷ്ട്ര ആസ്ഥാനമായുളള ഹുലെ കൺസ്ട്രക്‌ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മൂന്നു മാസത്തേക്ക് ടോൾ പിരിവ് നടത്തുക. തുടർന്ന് പുതിയ ടെൻഡർ ക്ഷണിച്ച ശേഷമാകും ടോൾ പിരിവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe