ട്രെയിനുകൾക്ക് നേരെയുള്ള കല്ലേറ് വ്യാപകമായതിനെ തുടർന്ന് സ്ഥിരയാത്രക്കാരുടെയും റെയിൽവേ സുരക്ഷാസേനയുടെയും സംയുക്ത സഹകരണത്തോടെ റെയിൽവേ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചു. റെയിൽവേ ട്രാക്കിന് സമീപം സാമൂഹ്യ വിരുദ്ധ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ട്രാക്കിന് സമീപമുള്ള പോസ്റ്റുകൾ, സൈൻ ബോർഡുകളിലെ നമ്പറുകൾ റെയിൽവേ പോലീസിന് കൈമാറാൻ യാത്രക്കാർക്ക് നിർദേശം നൽകി.
കല്ലേറ് പോലുള്ള അനിഷ്ട സംഭവം ഉണ്ടാകുമ്പോൾ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിയാതെ വരുന്നതാണ് പലപ്പോഴും പ്രതികളെ കണ്ടെത്താൻ കാലതാമസം നേരിടുന്നത്. ട്രാക്കിന് സമീപം ഓരോ നൂറുമീറ്റർ അകലത്തിലും വെള്ളയിൽ കറുപ്പ് അക്ഷരത്തിൽ കൃത്യമായി ദൂരം അടയാളപ്പെടുത്തിയ കുറ്റികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ അക്കങ്ങൾ കൃത്യമായി സ്ഥലം കണ്ടെത്താൻ പോലീസിനെ സഹായിക്കും. അതുകൊണ്ട് യാത്രയിൽ സംശയാസ്പദമായത് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ കുറ്റിയിൽ അടയാളപ്പെടുത്തിയ ഈ നമ്പറുകൾ ശ്രദ്ധിക്കണമെന്നും സുരക്ഷാസേനയ്‌ക്ക് കൈമാറണമെന്നാണ് യാത്രക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികൾ ട്രാക്കിൽ നാണയവും മെറ്റൽ കഷ്ണങ്ങളും വെയ്ക്കുന്നതായി പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുമൂലം ഉണ്ടാകുന്ന ഗൗരവകരമായ അനന്തരഫലങ്ങളെക്കുറിച്ച് വീടുകളിലും സ്കൂളുകളിലും ബോധവൽക്കരണം നടത്തണമെന്നും റെയിൽവേ പോലീസ് അഭ്യർത്ഥിച്ചു.
റെയിൽവേ ഭൂമിയിൽ അതിക്രമിച്ച് കടക്കുന്നതും, ട്രാക്കിലും പരിസരത്തും ലഹരിപദാർത്ഥങ്ങളുടെ ഉപയോഗവും, പൊതുമുതൽ നശിപ്പിക്കുന്നതും രാജ്യദ്രോഹകുറ്റമായാണ് കണക്കാക്കുന്നത്. ട്രാക്കിലൂടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ പരിപൂർണ പിന്തുണയും ആർപിഎഫ് തേടിയിട്ടുണ്ട്.
പതിവായി കല്ലേറ് റിപ്പോർട്ട് ചെയ്യുന്ന കൊല്ലം പെരിനാട് സെക്ഷനിൽ ട്രാക്കിന് സമീപം സംശയം തോന്നുന്ന വിധം കുട്ടികളെയോ മറ്റ് സാമൂഹ്യ വിരുദ്ധരുടെയോ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ സൈൻ ബോർഡുകൾ ശ്രദ്ധിക്കണമെന്നും അതിലൂടെ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അനിഷ്ട സംഭവങ്ങൾക്കെതിരെ പ്രതിരോധം കടുപ്പിക്കാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് ആർ പി എഫും യാത്രക്കാരും. 16605 തിരുവനന്തപുരം ഏറനാട്, 12075 ജനശതാബ്ദി, 66315 കോട്ടയം കൊല്ലം മെമു, നാഗർകോവിൽ കോട്ടയം എക്സ്പ്രസ്സ്, ഗുരുവായൂർ ഇന്റർസിറ്റി, മധുര ഗുരുവായൂർ ട്രെയിനുകളിൽ പതിവായി ഈ സെക്ഷനിൽ കല്ലേറ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ടെന്നും കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും റെയിൽവേ അറിയിച്ചു. ജാഗ്രത പുലർത്തുന്നതിനോടൊപ്പം സാമൂഹ്യ വിരുദ്ധശല്യം പൂർണ്ണമായും ഒഴിവാക്കുന്നതിന് ആർ പി എഫ് ഹെല്പ് ലൈൻ നമ്പറിൽ വിവരങ്ങൾ കൈമാറണമെന്നും യാത്രക്കാരോട് റെയിൽവേ അഭ്യർത്ഥിച്ചു.
