ട്രെയിനു നേരെയുണ്ടായ കല്ലേറ്: പരുക്കേറ്റ ഐശ്വര്യയ്ക്ക് അടിയന്തര ശസ്ത്രക്രിയ

news image
Apr 2, 2026, 3:46 am GMT+0000 payyolionline.in

കോഴിക്കോട് ∙ രാവിലെ സമോസയും ചായയും മാത്രം കഴിച്ചാണ് ഐശ്വര്യ വീട്ടിലേക്കു പുറപ്പെട്ടത്. ഉച്ചയ്ക്കു ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ആലുവ യുസി കോളജിൽ ബയോ ഇൻഫർമാറ്റിക്സ് പിജിക്കു പഠിക്കുന്ന മകൾ പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യ (22) വരുന്നതും കാത്തിരിക്കുമ്പോഴാണ് അവൾക്ക് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ പരുക്കേറ്റ വിവരം അറിഞ്ഞതെന്നു പിതാവ് രാമകൃഷ്ണൻ പറഞ്ഞു. ‌ആലപ്പുഴ– കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണു തിങ്കൾ രാത്രി കല്ലേറിൽ ഐശ്വര്യക്കു പരുക്കേറ്റത്. ഒപ്പമുള്ള യാത്രക്കാരാണു പിതാവിനെ ആദ്യം വിളിച്ചത്. കല്ലേറിൽ മകളുടെ മുഖത്തു പരുക്കേറ്റെന്ന വിവരമാണു ലഭിച്ചത്.

പിന്നീട്, റെയിൽവേ പൊലീസും രാമകൃഷ്ണനെ വിളിച്ചു. ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നു റഫർ ചെയ്തതായി പറഞ്ഞു. റെയിൽവേ പൊലീസാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മേൽത്താടിയുടെയും കീഴ്ത്താടിയുടെയും എല്ലുപൊട്ടി മുഖം ഒരു ഭാഗത്തേക്ക് കോടിപ്പോയതിനാൽ അടിയന്തര ശസ്ത്രക്രിയയിലൂടെ അതു പൂർവസ്ഥിതിയിലാക്കി. രണ്ടു പല്ലുകൾ പൂർണമായും ഇളകി. മറ്റു പല്ലുകൾക്ക് പൊട്ടലുണ്ട്.

ശസ്ത്രക്രിയയ്ക്കു രണ്ടു ലക്ഷത്തോളം രൂപ വരുമെന്നാണ് പറഞ്ഞത്. 60,000 രൂപ ഇതിനകം അടച്ചു. മരപ്പണിക്കാരനായ രാമകൃഷ്ണന്റെ വരുമാനമാണു കുടുംബത്തിന് ആകെയുള്ളത്. ഇതുകൊണ്ടാണു മൂന്നു മക്കളുടെ പഠനവും വീട്ടു ചെലവുമെല്ലാം നടന്നു പോകുന്നത്. മകളുടെ ചികിത്സയ്ക്കു റെയിൽവേയിൽനിന്നു സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. കേന്ദ്രമന്ത്രി സുരേഷ് ഗോപി വിളിച്ചതായി രാമകൃഷ്ണൻ പറഞ്ഞു.

ഒന്നാം വർഷ പിജി വിദ്യാർഥിനിയായ ഐശ്വര്യയുടെ പരീക്ഷ 16ന് ആരംഭിക്കുകയാണ്. പഠനാവധിയായതിനാൽ ഹോസ്റ്റലിൽ പഠിക്കാനിരുന്നതാണു ഐശ്വര്യ. പാചകവാതക ക്ഷാമം വന്നതോടെ ഹോസ്റ്റലിലും സമീപത്തെ കടകളിലുമെല്ലാം ഭക്ഷണ വിതരണം ഭാഗികമായി മുടങ്ങി. ഇതോടെയാണ് ഐശ്വര്യ വീട്ടിലേക്കു വരാൻ തീരുമാനിച്ചത്. കല്ലേറു വരുന്നതിന് അൽപം മുൻപു മാത്രമാണ് ഐശ്വര്യ ജനലിന്റെ അരികിലേക്കു മാറിയിരുന്നത്. അതുവരെ കൊച്ചു കുട്ടി അടക്കമുള്ള കുടുംബമാണ് അവിടെ ഇരുന്നത്. അവർ തൊട്ടുമുൻപത്തെ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ഐശ്വര്യ ജനലിന് അടുത്തേക്കു മാറിയിരിക്കുകയായിരുന്നു.

തിരച്ചിൽ തുടർന്നു പൊലീസ്; പ്രതികളെക്കുറിച്ചു സൂചനയില്ല

കോഴിക്കോട് ∙ ഫറോക്കിനു സമീപം വടക്കുമ്പാട് അടിപ്പാതയ്ക്കു സമീപം ഓടുന്ന ട്രെയിനിനു നേരയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്ത അന്വേഷണം തുടരുന്നു. സമീപത്തെ സ്ഥലങ്ങളിലെ സിസിടിവി പരിശോധിച്ചെങ്കിലും ദൃശ്യം സൂക്ഷിക്കുന്ന ക്യാമറ ഇല്ലാത്തതിനാൽ തെളിവു ലഭിച്ചില്ല. പ്രദേശത്തെ ഒറ്റപ്പെട്ട വീടുകളിലും പരിസരത്തും റെയിൽവേ സബ് ഇൻസ്പെക്ടർ സി.പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി.

കല്ലെറിഞ്ഞവർ സംഭവ സ്ഥലത്തുള്ളവരല്ലെന്നും സമീപ പ്രദേശങ്ങളിൽനിന്ന് എത്തി കല്ലെറിഞ്ഞതാണെന്നുമാണു പ്രാഥമിക നിഗമനം. ഈ ഭാഗത്തു പാളത്തിനരികെ സ്ഥിരമായി ആരും ഉണ്ടാകാറില്ലെന്നാണു നാട്ടുകാർ പൊലീസിനു നൽകിയ മൊഴി. പ്രദേശം ഒറ്റപ്പെട്ട സ്ഥലമാണ്. കല്ലെറിഞ്ഞ പാളത്തിനരികിലെ വീടുകളിലൊന്നും സിസിടിവിയില്ല. സമീപ പ്രദേശത്തെയും ഇടവഴിയിലെയും ക്യാമറകൾ പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തു പ്രതികൾ വിശ്രമിച്ചെന്നു കരുതുന്ന സ്ഥലം പൊലീസ് പരിശോധിച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്നവർ ഈ ഭാഗത്തു വരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം വള്ളിക്കുന്നു മുതൽ മാഹി വരെ പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്.

തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ മണ്ണൂർ വടക്കുംപാട് സമീപം ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനു നേരെയുണ്ടായ കല്ലേറിൽ വടകര പുറമേരി എരഞ്ഞോളി താഴെക്കുനി ഐശ്വര്യയ്ക്കാണ് (22) പരുക്കേറ്റത്. അതു വഴിപോയ വന്ദേഭാരതു ട്രെയിനിനു നേരെയും കല്ലേറുണ്ടായി. പരുക്കേറ്റ വിദ്യാർഥി വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe