ട്രെയിന്‍ ടിക്കറ്റ് നിരക്ക്; പുതിയ നിരക്കുകള്‍ പ്രാബല്യത്തിൽ

news image
Dec 26, 2025, 8:05 am GMT+0000 payyolionline.in

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച ഇന്ത്യന്‍ റെയില്‍വെയുടെ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍.

മെയില്‍, എക്‌സ്പ്രസ് വിഭാഗങ്ങളിലെ നോണ്‍ എസി, എസി കോച്ചിലെ നിരക്കുകള്‍ കിലോ മീറ്ററിന് രണ്ട് പൈസയാണ് ഉയരുക. നോണ്‍ എസി കോച്ചിലെ യാത്രയ്ക്ക് 500 കിലോ മീറ്ററിന് 10 രൂപ അധികം നല്‍കേണ്ടി വരും.

ഓര്‍ഡിനറി നോണ്‍-എസി (നോണ്‍- സബര്‍ബന്‍) സര്‍വീസുകള്‍ക്ക് വ്യത്യസ്ത ദൂര സ്ലാബുകളിലായാണ് നിരക്കുകള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

215 കിലോമീറ്ററില്‍ കൂടുതലുള്ള ഓര്‍ഡിനറി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് 1 പൈസയാണ് വര്‍ധിപ്പിച്ചത്. മെയില്‍, എക്സ്പ്രസ് നോണ്‍ എസി ക്ലാസ് യാത്രയ്ക്ക് കിലോ മീറ്ററിന് രണ്ട് പൈസയും ഉയരും.

മെയില്‍, എക്സ്പ്രസ് എസി ക്ലാസ് (കി.മി) 2 പൈസയും എസി അല്ലാത്ത 500 കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപയും വര്‍ധിക്കും.

രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാന്‍, ഗരീബ് രഥ്, ജന്‍ ശതാബ്ദി, ഹംസഫര്‍, അമൃത് ഭാരത്, അന്ത്യോദയ, യുവ എക്സ്പ്രസ്, മഹാമന, നമോ ഭാരത് റാപ്പിഡ് റെയില്‍, സബര്‍ബന്‍ ഇതര ട്രെയിനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിന്‍ സര്‍വീസുകളുടെ അടിസ്ഥാന നിരക്കുകളിലും ഇന്ന് മുതല്‍ മാറ്റം വരും.

സബര്‍ബന്‍ (ലോക്കല്‍) ട്രെയിന്‍ സര്‍വീസുകളെയും പ്രതിമാസ സീസണ്‍ ടിക്കറ്റുകളെയും നിരക്ക് വര്‍ധന ബാധിക്കില്ല. ഓര്‍ഡിനറി ക്ലാസില്‍ 215 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്കും നിരക്ക് വര്‍ധന ബാധകമല്ല.

സബര്‍ബന്‍ ട്രെയിനും പ്രതിമാസ സീസണ്‍ ടിക്കറ്റും, 215 കിലോ മീറ്റര്‍ വരെയുള്ള ഓര്‍ഡിനറി ക്ലാസ് ടിക്കറ്റ് നിരക്കും മാറ്റമില്ലാതെ തുടരും. റിസര്‍വേഷന്‍ ഫീസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടെയുള്ള് അനുബന്ധ ചാര്‍ജുകള്‍ ജിഎസ്ടി നിയമങ്ങളും അതേപടി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

നിരക്ക് വര്‍ധന നിലവില്‍ വരുന്നതിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് അധിക തുക നല്‍കേണ്ടതില്ലെന്ന് റെയില്‍വെ വ്യക്തമാക്കി. നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുള്ളവര്‍ക്ക് ഡിസംബര്‍ 26 ന് ശേഷമുള്ള യാത്രയ്ക്ക് അധിക തുക നല്‍കാതെ യാത്ര ചെയ്യാം.

എന്നാല്‍ ഇന്ന് മുതല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റിനും ടിടിഇ അനുവദിക്കുന്ന ടിക്കറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.

റെയില്‍വെയുടെ അധിക വരുമാനം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. നിരക്ക് കൂട്ടുന്നതിലൂടെ 600 കോടി രൂപയുടെ അധിക വരുമാന വര്‍ധനയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

പ്രവര്‍ത്തന ചെലവിലെ വര്‍ധന ഉയര്‍ന്നത് ഉള്‍പ്പടെ റെയില്‍വെ നിരക്ക് വര്‍ധിപ്പിച്ചതിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നു. റെയില്‍വെയുടെ മാനവശേഷി ചെലവ് 1,15,000 കോടി രൂപയായും പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയായും വര്‍ധിച്ചതായി റെയില്‍വെ പറയുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളുടെ ആകെ ചെലവ് 2,63,000 കോടി രൂപയായും വര്‍ധിച്ചിട്ടുണ്ട്. ഈ ചെലവ് വര്‍ധനവ് നികത്താന്‍, കാര്‍ഗോ ലോഡിങ്, യാത്രാ നിരക്ക് വര്‍ധനവ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റെയില്‍വെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe