കോഴിക്കോട് ∙ ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന വ്യാജ ഭീഷണിയിൽ കുടുക്കി കോഴിക്കോട് സ്വദേശിനിയിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ നാലു പേരെ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
പരാതിക്കാരിയുടെ പണം തട്ടി എടുക്കുന്നതിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമയും ഇത്തരം തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ പാറോപ്പടി മേരിക്കുന്ന് കൃഷ്ണകൃപയിൽ കെ.ഹരിപ്രസാദ്(35), കല്ലായി വി.കെ.കെ റോഡ് ഷിദ്നാസിൽ കെ.വി. ഫാസിൽ (35), വെസ്റ്റ്ഹിൽ സ്രാമ്പിപ്പറമ്പിൽ കെ.വി.ഷിഹാബ്(43), മലാപ്പറമ്പ് കാട്ടിൽപറമ്പിൽ റബിൻ ബാലകൃഷ്ണൻ(35) എന്നിവരാണ് പിടിയിലായത്. ഇവരെ കോഴിക്കോട് സിജെഎം കോടതിയിൽ ഹാജരാക്കി.
പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈയിലെ ഒരു ബാങ്കിൽ ആരോ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും ആ അക്കൗണ്ടിലൂടെ നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പുസംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയതായും പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ അറസ്റ്റിൽ ആണെന്നാണ് മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച സംഘം ഇവരെ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഇവരുടെ പേരിലുള്ള വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 36 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
കോഴിക്കോട് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് കമ്മിഷണർ ജി.ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ.കെ. ആഗേഷിന്റെ നേതൃത്വത്തിൽ എസ്ഐ കെ.ജമേഷ്, ടി.എം.വിനോദ്കുമാർ, എഎസ്ഐ ജിതേഷ്, സി.രാജേഷ്, ബീരജ് കുന്നുമ്മൽ, സിപിഒമാരായ വി.ബിജു, അഖിലേഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു കേസിൽ ചില വിദേശ ബന്ധങ്ങൾ ഉണ്ടെന്നും സൈബർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം കൈമാറിയ അക്കൗണ്ടുകളിലെ ആദ്യ തലത്തിൽ ഒരു കേരള ബാങ്ക് അക്കൗണ്ട് വന്നതാണ് അന്വേഷണത്തിൽ നിർണായകമായത്.
കേരളത്തിലെ ഈ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയാണ് സൈബർ തട്ടിപ്പുകൾ നടത്തുന്ന കോഴിക്കോട്ടെ മറ്റ് ചില അക്കൗണ്ടുകളിലേക്കും പിന്നാലെ അറസ്റ്റിൽ ആയവർക്കും നേരെ വഴി തുറന്നത്. ഇത്തരത്തിൽ സൈബർ തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാർക്ക് ഇടനില നിന്ന് പിൻവലിക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നവരെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ ഇരയായാൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ ചെയ്യണമെന്ന് സൈബർ പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.
