തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർ സൂപ്പർ ചെക്കിങ്ങിൽ പരാജയപ്പെട്ടാൽ ലൈസൻസ് മരവിപ്പിക്കും, സൂപ്പർ ചെക്കിങുമായി മോട്ടോർ വാഹനവകുപ്പ്. ഒരാളുടെ ഡ്രൈവിങ് കഴിവ് പുനഃപരിശോധിക്കാനുള്ള അധികാരം ലൈൻസിങ് അതോറിറ്റിക്ക് കേന്ദ്രമോട്ടോർവാഹന നിയമം നൽകുന്നുണ്ട്. ലൈസൻസ് നേടിയത് കൃത്രിമമാർഗത്തിലൂടെയാണെന്ന വിവരം ലഭിച്ചാൽ ലൈസൻസ് ഉടമയോട് പരിശോധനയ്ക്ക് ഹാജരാകാൻ ആവശ്യപ്പെടാം. സംസ്ഥാന സർക്കാർ നിർദേശിച്ച എട്ട്, എച്ച് ടെസ്റ്റുകൾ നടത്താൻ പറ്റില്ലെങ്കിലും കേന്ദ്രനിയമം അനുശാസിക്കുന്ന റോഡ് ടെസ്റ്റ് നടത്താം.
ലൈസൻസ് ലഭിച്ചവരെ അടുത്തദിവസങ്ങളിൽ വിളിച്ചുവരുത്തി വീണ്ടും വാഹനമോടിച്ച് പരിശോധിക്കും. വാഹനം ഓടിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇവരെ പഠിപ്പിച്ച സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കും. മോട്ടോർവാഹനവകുപ്പിന്റെ റോഡ് സുരക്ഷാമാസാചരണ വേദിയിലാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ സൂപ്പർ ചെക്കിങ് ആരംഭിക്കാൻ നിർദേശം നൽകിയത്. മലപ്പുറത്ത് അപകടങ്ങൾ കൂടാൻ കാരണം തട്ടിക്കൂട്ട് രീതിയിൽ ലൈസൻസ് നൽകിയതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
