കണ്ണൂർ:
തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജം . 60 ലാപ്‌ടോപ്പുകളിലും ആറ് വലിയ സ്‌ക്രീനുകളിലും ബൂത്തുകളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങൾ സദാസമയവും നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ക്രമീകരിച്ചത്. ഇതിനായി ചുമതല നൽകിയ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം എഡിഎം കലാഭാസ്കർ ഉദ്‌ഘാടനം ചെയ്തു.
ജില്ലയിലെ 1025 പ്രശ്നബാധിത ബൂത്തുകളിലാണ് വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 959 ബൂത്തുകൾ മൊബൈൽ നെറ്റ് വർക്ക് വഴിയും 56 ബൂത്തുകൾ ബിഎസ് എൻ എൽ കണക്ഷൻ വഴിയും ദൃശ്യങ്ങൾ വെബ് കാസ്റ്റ് ചെയ്യും. 10 ബൂത്തുകളിൽ ദൃശ്യങ്ങൾ വെബ് കാസ്റ്റിനു പകരം റെക്കോർഡ് ചെയ്തു സൂക്ഷിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുക. വ്യാഴാഴ്ച്ച രാവിലെ മോക് പോൾ മുതൽ ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് ആരംഭിക്കും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ ഈ ബൂത്തുകളുടെ ദൃശ്യങ്ങൾ നിരന്തര നിരീക്ഷണത്തിലായിരിക്കും.
ലാപ്‌ടോപ്പുകളിൽ ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിന് 60 ഉദ്യോഗസ്ഥർ, ആറ് സൂപ്പർവൈസർ ചാർജ് ഓഫീസർമാർ, സാങ്കേതിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ വിപുലമായ സംവിധാനമാണ് വെബ് കാസ്റ്റ് കൺട്രോൾ റൂമിൽ ഉണ്ടാവുക. ഒരു കമ്പ്യൂട്ടർ സിസ്റ്റത്തിൽ 18 ബൂത്തുകളുടെ ദൃശ്യങ്ങൾ നിരീക്ഷിക്കാനുള്ള സജ്ജീകരണമുണ്ട്. ഓരോ ഉദ്യോഗസ്ഥരും നിരീക്ഷിക്കുന്ന ബൂത്തുകളുടെ വിവരങ്ങൾ പ്രത്യേകം ചാർട്ടുകളിൽ രേഖപ്പെടുത്തും.
വെബ്കാസ്റ്റിംഗ് ചുമതലയുള്ള നോഡൽ ഓഫീസർ പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.ബിന്ദു, അസിസ്റ്റന്റ് നോഡൽ ഓഫീസർ അസിസ്റ്റന്റ് എഞ്ചിനീയർ ടോമി തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
