തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്റുമാരായി വനിതകള്‍ എത്തും. ജില്ലാ പഞ്ചായത്തുകളില്‍ ആറിടത്ത് വനിതകളും ഒരിടത്ത് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആളും പ്രസിഡന്റാകും. ഏതൊക്കെ സ്ഥാപനങ്ങളിലാണ് സംവരണമെന്നത് പിന്നീട് തീരുമാനിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കെയാണ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. ഈ മാനദണ്ഡപ്രകാരം 1200 തദ്ദേശ സ്ഥാപനങ്ങളില്‍ 669 ഇടത്ത് പ്രസിഡന്റുമാരായി വനിതകള്‍ എത്തും. സംവരണസീറ്റുകള്‍ക്ക് പുറമേ പൊതുവിഭാഗത്തിലും വനിതകള്‍ പ്രസിഡന്റുമാരായി എത്തുന്നതോടെ ആകെ വനിതാ പ്രസിഡന്റുമാരുടെ എണ്ണം 700 ലധികമായേക്കും.
941 പഞ്ചായത്തില്‍ 521 പഞ്ചായത്തുകളിലാണ് വനിതകള്‍ പ്രസിഡന്റുമാരായി എത്തുക. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 87 ഇടത്ത് വനിതകള്‍ പ്രസിഡന്റ് പദവി അലങ്കരിക്കും. ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്തും വനിതകള്‍ പ്രസിഡന്റുമാരാകും. ഇതോടൊപ്പം പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. 87 മുനിസിപ്പാലിറ്റികളില്‍ 44 ഇടത്ത് ചെയര്‍പേഴ്സണ്‍ പദവിയില്‍ സ്ത്രീകളെത്തും. ആറ് കോര്‍പ്പറേഷനുകളില്‍ മൂന്നെണ്ണം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അതേസമയം കോര്‍പ്പറേഷനുകളില്‍ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ സംവരണമില്ല. ഏതൊക്കെ സ്ഥാപനങ്ങളിലാണ് വനിതാ പ്രസിഡന്റുമാര്‍ വരികയെന്നത് പിന്നീട് തീരുമാനിക്കും. ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആയിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            