തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂടിയുള്ള അവധി

news image
Dec 2, 2025, 1:07 pm GMT+0000 payyolionline.in

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ.ഈ ദിവസങ്ങളിൽ ശമ്പളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്.
രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നി‍ർദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു.
കേന്ദ്ര സർക്കാർ വകുപ്പുകളിലെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സനൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe