തലയിണ നെഞ്ചിൽ ചേർത്ത് കിടക്കവെ ആണിപ്പാര ആക്രമണം; കൊമ്മേരി കിരൺ കുമാറിന്‍റേത് കൊലപാതകം, അഞ്ചംഗ സംഘം പിടിയിൽ

news image
May 29, 2023, 3:17 pm GMT+0000 payyolionline.in

കോഴിക്കോട്: കൊമ്മേരി അമ്മാട്ട് പറമ്പ് കിരൺ കുമാർ കൊല്ലപ്പെട്ട കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി. കൊമ്മേരി എരവത്തുകുന്ന് സ്വദേശികളായ അമ്മാട്ടുമീത്തൽ സതീശൻ (41), അമ്മാട്ടുമീത്തൽ സൂരജ് (27), മന്നിങ്ങ് വീട്ടിൽ മനോജ് (മനു – 52 ), അമ്മാട്ട് ഉമേഷ് (50), അമ്മാട്ട് ജിനേഷ് (48) എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വീട്ടിനടുത്തുള്ള വഴിയിൽ കിടന്ന് അസഭ്യം വിളിച്ചതിനും മുമ്പ് ദോഹോപദ്രവം ഏൽപ്പിച്ചതിനുള്ള പ്രതികാരവുമാണ് കൊലപാതകത്തിന്‍റെ കാരണമെന്ന് പൊലീസ് പറഞ്ഞു.

കൊമ്മേരി അമ്മാട്ടു പറമ്പ് വാസുദേവന്‍റെ മകൻ കിരൺ കുമാറിനെ (45) വീടിന് സമീപത്തെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീടുള്ള പൊലീസിന്‍റെ വിശദമായ അന്വേഷണത്തിലാണ് കിരൺ കുമാറിന്‍റെ മരണം കൊലപാതകമാണെന്ന് വ്യക്തമാകുന്നത്. കൃത്യമായ അന്വേഷണത്തിലൂടെ പൊലീസ് പ്രതികളിലേക്ക് എത്തുകയായിരുന്നു. അയൽവാസികളാണ് സംഘം ചേർന്ന് കിരണിനെ മർദ്ദിച്ച് കൊലപൊടുത്തിയത്. തലയിണ നെഞ്ചിൽ ചേർത്ത് വെച്ച് കിടക്കുകയായിരുന്ന കിരൺകുമാറിനെ ഈ സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. വാർക്കപ്പണിക്കും മറ്റും ഉപയോഗിക്കുന്ന മാരകായുധമായ ഇരുമ്പിന്‍റെ ആണിപ്പാര ഉപയോഗിച്ച് ഈ സംഘം കിരൺ കുമാറിന്‍റെ നെഞ്ചിലും മറ്റും പല തവണ അടിച്ചിരുന്നു. ഇതിനൊപ്പം തന്നെ ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിച്ചിരുന്നു. ഈ സംഘത്തിന്‍റെ ക്രൂരമായ ആക്രമണത്തിലാണ് കിരൺ കുമാർ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

മെഡിക്കൽ കോളേജ് എ സി പി സുദർശന്‍റെ നിർദേശത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇൻസ്പെക്ടർ ബെന്നി ലാലു, എസ് ഐ മാരായ റസ്സൽ രാജ് ,ശശിധരൻ, ഗിരിഷ്, റാം മോഹൻ റോയ്, മനോജ് കുമാർ, മോഹൻ ദാസ്, പൊലീസുകാരായ വിനോദ്, ഫൈസൽ, ഹാദിൽ, അർജുൻ, സുമേഷ്, രാഗേഷ്, സന്ദിപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe