കൊച്ചി: മലപ്പുറം ജില്ലയിലെ തവനൂർ നിയമസഭാ മണ്ഡലത്തിൽ മുൻ മന്ത്രി കെ.ടി. ജലീൽ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജലീൽ തന്നെ മത്സരിക്കണമെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവിന്റെ പേര് ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചിരുന്നെങ്കിലും, മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ജലീലിനെ തന്നെ കളത്തിലിറക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു.
മണ്ഡലം രൂപീകരിച്ചത് മുതൽ ഇടതുപക്ഷത്തിനൊപ്പം നിർത്തിയ കെ.ടി. ജലീലിന്റെ ജനസ്വാധീനം വിജയസാധ്യത വർദ്ധിപ്പിക്കുമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം മുതിർന്ന പാർട്ടി നേതാക്കൾ ജലീലുമായി ചർച്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ താല്പര്യപ്പെട്ടിരുന്നെങ്കിലും, പാർട്ടിയുടെ നിർദ്ദേശപ്രകാരം മത്സരിക്കാൻ അദ്ദേഹം സന്നദ്ധനായതായാണ് വിവരം. 2021-ലെ തിരഞ്ഞെടുപ്പിലും രണ്ട് തവണ മത്സരിച്ചവർക്ക് നൽകുന്ന ഇളവ് ജലീലിന് പാർട്ടി നൽകിയിരുന്നു.
അതേസമയം, ശക്തനായ സ്ഥാനാർത്ഥിയെ മുൻനിർത്തി തവനൂർ തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും ഭരണമുറപ്പിക്കാൻ സാധിച്ചത് അനുകൂല തരംഗമായി യുഡിഎഫ് കണക്കാക്കുന്നു. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ ഈ മുന്നേറ്റം നിയമസഭയിലും ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം.
