താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറല്‍ ന്യുമോണിയയെ തുടര്‍ന്നെന്ന് പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌

news image
Oct 17, 2025, 1:46 am GMT+0000 payyolionline.in

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.നേരത്തെ, ഒൻപത് വയസുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ചാണ് മരിച്ചതെന്നായിരുന്നു ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ്മോർട്ടത്തിനിടെ കുട്ടിയുടെ നട്ടെല്ലിൽ നിന്ന് ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ അനയയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചല്ലെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ കുഞ്ഞിന് നൽകിയില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടർ വിപിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe