താമരശ്ശേരി ചുരം: മരങ്ങൾ നീക്കം രണ്ടുദിവസം നിർത്തി; തിങ്കളാഴ്ച പ്രവൃത്തി പുനരാരംഭിക്കും

news image
Jan 10, 2026, 4:36 am GMT+0000 payyolionline.in

താമരശ്ശേരി : ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിനു മുന്നോടിയായി പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തി അവധിദിനങ്ങളിലെ വാഹനത്തിരക്ക് പരിഗണിച്ച് രണ്ടുദിവസത്തേക്ക് താത്കാലികമായി നിർത്തിവെച്ചു.അതിനാൽ, ശനി, ഞായർ ദിനങ്ങളിൽ ഗതാഗതനിയന്ത്രണമുണ്ടാവില്ലെന്നും അതേസമയം തിങ്കളാഴ്ചമുതൽ ഈ പ്രവൃത്തി പുനരാരംഭിക്കുമെന്നും പിഡബ്ല്യു ദേശീയപാത ഉപവിഭാഗം കൊടുവള്ളി അസി. എൻജിനീയർ എം. സലീം അറിയിച്ചു.  നിലവിൽ ചുരംപാതയോരത്തെ എട്ട്, ആറ് ഹെയർപിൻ വളവുകളിലെ പാതയോരത്തുള്ള മരങ്ങളിൽ ഭൂരിഭാഗവും ലോറികളിലേക്ക് കയറ്റി കൈതപ്പൊയിലിലെ പൊതുസ്ഥലത്തേക്കു മാറ്റിക്കഴിഞ്ഞു. ഈ ഹെയർപിൻ വളവുകളിൽനിന്ന് ഇനി ഓരോ ലോഡ് മരങ്ങൾ കൂടിയേ നീക്കംചെയ്യാനുള്ളൂവെന്നാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതർ അറിയിക്കുന്നത്.തിങ്കളാഴ്ചമുതൽ ട്രാക്ടർ ഉൾപ്പെടെയുള്ള അധികവാഹനങ്ങളുടെ സേവനം മരങ്ങൾ മാറ്റിക്കയറ്റുന്ന പ്രവൃത്തിക്ക് ഉപയോഗപ്പെടുത്തുമെന്ന് പിഡബ്ല്യുഡി എൻഎച്ച് അധികൃതർഅറിയിച്ചു.

പാതയോരത്തുനിന്ന് മരങ്ങൾ ലോറിയിലേക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റിക്കയറ്റുന്ന സമയങ്ങളിൽ താമരശ്ശേരി ചുരംപാതയിൽ വെള്ളിയാഴ്ചയും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ലോറിയിലേക്ക് മരങ്ങൾ കയറ്റുന്ന ഭാഗത്തുകൂടി വൺവേ ആയാണ് ഇരുവശങ്ങളിലും വരിയായി പിടിച്ചിട്ട വാഹനങ്ങളെ ഊഴമനുസരിച്ച് കടത്തിവിട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe