തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്; ചുമതലയേറ്റ് മണിക്കൂറുകൾക്കു ശേഷം സിഐ സുനുവിനോട് അവധിയിൽ പ്രവേശിക്കാൻ നിർദേശം

news image
Nov 20, 2022, 8:45 am GMT+0000 payyolionline.in

കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സംഗക്കേസിൽ മൂന്നാംപ്രതിയായ കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ പി.ആര്‍.സുനു അവധിയിൽ പ്രവേശിക്കും. ഇന്നു രാവിലെ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചത് വിവാദമായതിനു പിന്നാലെയാണ് പി.ആർ. സുനുവിനോട് അവധിയിൽ പോകാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത്കുമാർ നിർദേശം നൽകിയത്. ബലാത്സംഗക്കേസിൽ ആരോപണവിധേയനായ സുനുവിനെതിരെയുള്ള ആളുകളുടെ പ്രതിഷേധം ഭയന്നാണ് ഏഴു ദിവസത്തെ അവധിയിൽ പ്രവേശിക്കാൻ എഡിജിപി നിർദേശിച്ചെതെന്നാണു വിവരം.

ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാൾക്കെതിരെ വകുപ്പുതല നടപടികൾ‌ ഉൾപ്പെടെയുള്ളവ പരിഗണനയിലിരിക്കെ  കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിൽ എത്തി ഇയാൾ ചുമതലയേറ്റത് വ്യാപക വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. താൻ നിരപരാധിയാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്‌തു. പരാതിക്കാരിയെ അറിയുകയോ കാണുകയോ ചെയ്‌തിട്ടില്ലെന്നും സുനു പറയുന്നു. സത്യം ഒന്നേയുള്ളൂ, സത്യമേവ ജയതേ എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് സുനുവിന്റെ പ്രതികരണം.

ഒൻപതോളം തവണ വകുപ്പ് തല അച്ചടക്ക നടപടിക്കു വിധേയനാകുകയും 6 ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനാണ് സുനു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടാൻ ശുപാര്‍ശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിയിരുന്നു.

തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ അതിജീവിതയുടെ പരാതിയിൽ പലതവണ ചോദ്യം ചെയ്‌തിട്ടും സുനുവിനെ പ്രതിചേർക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനുവടക്കം പത്ത് പ്രതികൾ കേസിൽ ഉണ്ടെന്ന് പറയുമ്പോഴും അഞ്ച് പേരേ മാത്രമേ പരാതിക്കാരിക്ക് തിരിച്ചറിയാൻ കഴിഞ്ഞുള്ളുവെന്നും പൊലീസ് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe