തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷം; ഒക്ടോബർ 11 മുതൽ 21 വരെ

news image
Oct 7, 2026, 6:40 am GMT+0000 payyolionline.in

തൃക്കോട്ടൂർ: തൃക്കോട്ടൂർ ശ്രീ പെരുമാൾപുരം മഹാശിവക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും. നവരാത്രി മണ്ഡപത്തിൽ എല്ലാ ദിവസവും ദേവീ മാഹാത്മ്യ പാരായണം ഉണ്ടായിരിക്കും.

ഒക്ടോബർ 11 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് മേൽശാന്തി നാരായണൻ നമ്പൂതിരിപ്പാടിന്റെ സംഗീത കച്ചേരിയോടെ പരിപാടികൾ ആരംഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഭക്തിഗാനമേളകളും സാംസ്‌കാരിക സദസ്സുകളും നടക്കും. ഒക്ടോബർ 12 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് പയ്യോളി ഹരേകൃഷ്ണ സത്സംഗത്തിന്റെ ഹരിനാമസങ്കീർത്തനം, ഒക്ടോബർ 13 ചൊവ്വാഴ്ച വൈകീട്ട് 6 മണിക്ക് ക്ഷേത്ര സേവികാസമിതിയുടെ ഭജന, ഒക്ടോബർ 14 ബുധൻ വൈകീട്ട് 6.30 ന് സത്യസായി സേവാ സമിതി തിക്കോടിയുടെ ഭജന, ഒക്ടോബർ 15 വ്യാഴം വൈകീട്ട് 7 മണിക്ക് ക്ഷേത്ര സേവികാസമിതിയുടെ ഭജന, ഒക്ടോബർ 16-ന് വൈകീട്ട് 7 മണിക്ക് വേണുമാസ്റ്റർ കൃഷ്ണഗിരിയുടെ ‘നവരാത്രി മാഹാത്മ്യം’ പ്രഭാഷണം, ഒക്ടോബർ 17-ന് നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറും.

ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 18-ന് വൈകിട്ട് 5 മണിക്ക് ശ്രീകൃഷ്ണ അക്ഷരശ്ലോകസമിതി പെരുമാൾപുരവും കൊടനാട്ടുകുളങ്ങര മഹിളാവേദിയും സംയുക്തമായി അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ് എന്നിവ ഉണ്ടായിരിക്കും . ദീപാരാധനയ്ക്ക് ശേഷം ഗ്രന്ഥംവെപ്പും നടക്കും. തുടർന്ന് 7 മണിക്ക് പയ്യോളി അമൃതഭാരതി വിദ്യാനികേതൻ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങളും 19-ന് വൈകീട്ട് 7 മണിക്ക് സുർധ്യാൻ സംഗീത വിദ്യാലയത്തിന്റെ ഹിന്ദുസ്ഥാനി സംഗീതവിരുന്നും ഉണ്ടാകും.

മഹാനവമിയായ ഒക്ടോബർ 20-ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപവും 6.30-ന് വിളക്കുപൂജയും 7.30-ന് നാദവേദി പെരുമാൾപുരം അവതരിപ്പിക്കുന്ന സംഗീതനിശയും നടക്കും. വിജയദശമി ദിനമായ ഒക്ടോബർ 21-ന് രാവിലെ മുതൽ വിദ്യാരംഭ ചടങ്ങുകളും വിപുലമായ സൗകര്യങ്ങളോടെ വാഹനപൂജയും നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe