മലയോരമേഖലയിൽ തെങ്ങുകൾക്ക് വ്യാപകമായി മഞ്ഞളിപ്പ് രോഗം. നാളികേര കർഷകർ ദുരിതത്തിൽ. കൃഷിവകുപ്പ് വേണ്ട നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ കൂടരഞ്ഞി പഞ്ചായത്തിലാണ് വ്യാപകമായി തെങ്ങുകളിൽ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയത്. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ, ആനക്കല്ലുംപാറ, ഉദയഗിരി മഞ്ഞക്കടവ്
തുടങ്ങിയ പ്രദേശങ്ങളിലായി നൂറുകണക്കിന് തെങ്ങുകൾക്കാണ് ഈ രോഗം. ഈ പ്രദേശങ്ങളിലെ കർഷകരുടെ നിരവധി തെങ്ങുകൾ മഞ്ഞളിപ്പ് രോഗം കാരണം നശിച്ചു.
ഓലകൾക്ക് ചെറിയ മഞ്ഞനിറം വരികയും കുലകൾ ശോഷിച്ചു താഴുകയും ചെയ്യുന്നതാണ് മഞ്ഞളിപ്പ് രോഗത്തിന്റെ ആദ്യലക്ഷണങ്ങൾ. നാളികേരത്തിന് അത്യാവശ്യം വിലയുള്ള ഈയൊരു സമയത്ത് ഈ രോഗം കാരണം വിളവ് ലഭിക്കാതെ ഒരുപാട് പേർ ദുരിതത്തിലാണെന്നും കർഷകർ പറയുന്നു.
പ്രദേശത്തു വിദഗ്ധസംഘമെത്തി പഠനം നടത്തി എന്താണ് ഇതിനു കാരണമെന്ന് കണ്ടെത്തി കർഷകരെ ഈ ദുരിതത്തിൽ നിന്നും രക്ഷപെടുത്തണമെന്നും അവശ്യപ്പെട്ടു. നാളികേരത്തിന് വിലയുള്ള ഈ സമയത് തെങ്ങു നശിക്കുന്ന രീതിയിൽ ആണ് മലയോരമേഖലയിൽ മഞ്ഞളിപ്പ് രോഗം പടരുന്നത് .കർഷകർക്ക് വേണ്ടി കൃഷി വകുപ്പ് വേണ്ട നടപടി സ്വീകരിക്കണം എന്നും കർഷകർ ആവിശ്യപ്പെടുന്നു. ‘കേരം തിങ്ങും കേരളനാട്’ എന്ന വാക്ക് ഇങ്ങനെ പോയാൽ കേരമില്ലാത്ത കേരളമായി മാറാൻ അധികകാലം വേണ്ടിവരില്ല എന്ന ആശങ്കയിലാണ് കർഷകർ.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            