തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

news image
Apr 29, 2024, 11:15 am GMT+0000 payyolionline.in

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26 ന് പോളിങ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരില്‍ 94,75,090 പേര്‍ പുരുഷ വോട്ടര്‍മാരും 1,0302238 പേര്‍ സ്ത്രീ വോട്ടര്‍മാരും 150 പേര്‍ ഭിന്നലിംഗ വോട്ടര്‍മാരുമാണ്. ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ 1,80,865 വോട്ടും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തില്‍ 41,904 പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങളില്‍ ഏറ്റവുമധികം പോളിങ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടര്‍മാര്‍ വടകരയില്‍ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്.

85 വയസ്സിന് മുകളില്‍ പ്രായമായവര്‍, ഭിന്നശേഷി വോട്ടര്‍മാര്‍, കോവിഡ് ബാധിതര്‍, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാര്‍ എന്നിവരാണ് ആബ്‌സന്റീ വോട്ടര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങള്‍ക്കായി ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റഷേന്‍ കേന്ദ്രങ്ങളിലെത്തി(വിഎഫ്‌സി) വോട്ട് രേഖപ്പെടുത്തിയവരും ഇതില്‍ ഉള്‍പ്പെടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe