തോറ്റ നേതാവിന് എംകോമിന് പ്രവേശനം: ആലപ്പുഴ എസ്എഫ്ഐയിൽ വ്യാജ ഡിഗ്രി വിവാദം, സിപിഎം ഇടപെട്ടു

news image
Jun 17, 2023, 2:10 am GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ എസ്എഫ്ഐയിലും വ്യാജ ഡിഗ്രി വിവാദത്തിൽ നടപടി. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് ആരോപണം. എംകോം പ്രവേശനത്തിന് സമർപ്പിച്ച സർട്ടിഫിക്കറ്റിനെ ചൊല്ലിയാണ് വിവാദം. ആരോപണം ഗൗരവതരമെന്ന് കണ്ടതിന് പിന്നാലെ ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗം നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്നും നീക്കാൻ നിർദ്ദേശം നൽകി. ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ സ്ഥിരീകരിച്ചത്.

ഒരേ സമയം നിഖിൽ തോമസ് രണ്ടിടങ്ങളിൽ ബിരുദ വിദ്യാഭ്യാസം നേടിയെന്നതാണ് ഉയർന്നിരിക്കുന്ന പരാതി. നിലവിൽ കായംകുളം എംഎസ്എം കോളേജ് രണ്ടാം വർഷ എംകോം വിദ്യാർത്ഥിയാണ് നിഖിൽ. മൂന്ന് മാസം മുൻപാണ് നിഖിലിനെതിരെ പരാതി ഉയർന്നത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കായംകുളം എംഎസ്എം കോളേജിൽ നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയുമായ പെൺകുട്ടിയാണ് പരാതി ഉന്നയിച്ചത്.

എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് എം കോം പ്രവേശനത്തിന് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018-2020 കാലഘട്ടത്തിലാണ് നിഖിൽ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം ചെയ്തത്. എന്നാല്‍ ഡിഗ്രി പാസാകാൻ എസ്എഫ്ഐ നേതാവിന് സാധിച്ചില്ല. ഈ കാലത്ത് 2019 ൽ കായംകുളം എംഎസ്എം കോളേജിൽ യുയുസിയും  2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു നിഖിൽ.

ഡിഗ്രി തോറ്റ നിഖിൽ പക്ഷെ 2021 ല്‍ കായംകുളം എംഎസ്എം കോളേജിൽ തന്നെ എം കോമിന് ചേര്‍ന്നു. പ്രവേശനത്തിനായി 2019 -2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ  ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖിൽ ഹാജരാക്കിയത്. ഒരേ കാലത്ത് എങ്ങിനെ കായംകുളത്തും കലിംഗയിലും പഠിക്കാനാകുമെന്നാണ് പരാതിക്കാരി ചോദിച്ചത്. രേഖാമൂലം തെളിവ് സഹിതമാണ് പരാതി നൽകിയത്.

എസ്എഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഇപ്പോൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആലപ്പുഴയിൽ സിപിഎം നിഖിലിനെ വിളിച്ചുവരുത്തി പരാതി ചർച്ച ചെയ്തത്. യഥാർത്ഥ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിഖിലിനോട് പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ സർവകലാശാലയിൽ നിന്ന് സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖിൽ ഉന്നയിച്ചത്. തുടര്‍ന്നാണ് പാർട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്.

വിഷയം പാര്‍ട്ടി തലത്തില്‍ വിശദമായി അന്വേഷിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്നമുണ്ടെന്ന് നിഖിൽ തോമസ് പ്രതികരിച്ചു. എന്നാൽ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്നും നിഖിൽ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe